ബ്രസല്‍സ്: മുദ്രാവാക്യം വിളിയോ മുഷ്ടി ചുരുട്ടലോ ഒന്നും ഇല്ലാതെ പിന്‍തിരിഞ്ഞ് നിന്നുള്ള പ്രതിഷേധത്തില്‍ നാണംകെട്ടിരിക്കുകയാണ് ബെല്‍ജിയം പ്രധാനമന്ത്രി സോഫി വില്‍മസ്. ആരോഗ്യ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും വേറിട്ട പ്രതിഷേധത്തിനാണ് പ്രധാനമന്ത്രി ഇരയായത്. കൊവിഡ് ബാധിതരായ അനേകം രോഗികളെ ശുശ്രൂഷിക്കുന്ന ആശുപത്രിയില്‍ എത്തിയപ്പോഴാണ് അനാദരവ്.

നഴ്‌സിംഗ് ഉദ്യോഗസ്ഥരെ സഹായിക്കാന്‍ യോഗ്യതയില്ലാത്തവരെ നിയമിച്ചതും, രോഗം ഇത്രയും തീവ്രമായിട്ടും ആശുപത്രി സന്ദര്‍ശിക്കാന്‍ വൈകിയതുമാണ് പ്രതിഷേധത്തിന് കാരണം. പ്രധാനമന്ത്രിയുടെ കാര്‍ കടന്നു വരുമ്ബോള്‍ അവരെ ഗൗനിക്കാതെ അനാദരവ് പ്രകടിപ്പിക്കുകയായിരുന്നു. തലസ്ഥാനമായ ബ്രസല്‍സിലെ സെന്‍്റ് പീറ്റര്‍ ആശുപത്രിയില്‍ തന്നെ ഇങ്ങനൊരു പ്രതിഷേധം ഉണ്ടായത് പ്രധാനമന്ത്രിയ്ക്ക് കടുത്ത അപമാനമാണെന്നാണ് വിലയിരുത്തല്‍. ഇക്കാര്യത്തില്‍ കാര്യമായ പ്രതികരണം നടത്താനും ഇവര്‍ തയ്യാറായിട്ടില്ല.

ആദ്യം മുതല്‍ കൊവിഡ് രോഗിയെ ചികിത്സിച്ച ആശുപത്രിയാണ് സെന്‍്റ് പീറ്റര്‍. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ ഫിലിപ്പ് സൂബ്രിയെയടക്കം ഇവര്‍ ചികിത്സിച്ച്‌ ഭേദമാക്കിയിരുന്നു. ഒരു കോടിയിലേറെയാണ് ഇവിടത്തെ ജനസംഖ്യയെങ്കിലും, 55000 പേരെ വൈറസ് ബാധിക്കുകയും 9000 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.