ന്യൂഡല്‍ഹി: ഒരു ഭാഗത്ത് രോഗഭീതി, മറുഭാഗത്ത് പട്ടിണി. എങ്കിലും മുണ്ടു മുറുക്കി ഉടുത്ത് തൊഴിലെടുത്താലേ ഈ കൊവിഡ് കാലത്ത് മക്കള്‍ക്ക് ഒരു നേരത്തെ ആഹാരം നല്‍കാനാവൂ. ഈ ബോദ്ധ്യമാണ് ഐ.ടി വിദഗ്ദ്ധരെയും അദ്ധ്യാപകരെയുമൊക്കെ കൂലിപ്പണിയെടുക്കാന്‍ പ്രേരിപ്പിച്ചത്.
കഴിഞ്ഞ 12 വര്‍ഷമായി തെലങ്കാനയിലെ ഹൈസ്കൂളില്‍ സോഷ്യല്‍ സയന്‍സ് അദ്ധ്യാപകനായിരുന്നു ചിരഞ്ജീവി. ഭാര്യ എം.ബി.എ ബിരുദധാരിയും പ്രൈമറി സ്കൂള്‍ അദ്ധ്യാപികയും. സ്വകാര്യ മേഖലയിലാണ് ഇരുവരുടെയും ജോലി. ലോക്ക് ഡൗണായതോടെ സ്കൂള്‍ അടച്ചു. ശമ്ബളവും ഇല്ല. രണ്ട് കുട്ടികളും മാതാപിതാക്കളുമടക്കം ആറംഗ കുടുംബം പട്ടിണിയിലായി. ഇതോടെ കഴിഞ്ഞ കുറെ ദിവസങ്ങളായി ഭോംഗിര്‍ – യാദാദ്രിയിലെ എം.ജി.എന്‍.ആര്.ജി.എ വര്‍ക്ക്സൈറ്റില്‍ കൂലിപ്പണി ചെയ്യുകയാണ് അദ്ധ്യാപക ദമ്ബതികള്‍. ദിവസം 200-300 രൂപ ലഭിക്കും. കുടുംബത്തിന് ആഹാരം നല്കാന് ഇത് ഉപയോഗപ്പെടുമെന്ന് ദമ്ബതികള്‍ പറയുന്നു.
രാജ്യത്തെ അംഗീകൃതവും അല്ലാത്തതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഏതാണ്ട് രണ്ട് ലക്ഷത്തോളം അദ്ധ്യാപകര്‍ മൂന്ന് മാസമായി ശമ്ബളം ലഭിക്കാതെ ബുദ്ധിമുട്ടുന്നതായാണ് റിപ്പോര്‍ട്ട്.
‘ഇന്റര്‍നെറ്റില്‍ സൗജന്യമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭിക്കുമെന്നതിനാല്‍ അദ്ധ്യാപകരുടെ കോണ്‍ട്രാക്ട് പുതുക്കേണ്ടെന്നാണ് മാനേജ്മെന്റിന്റെ അഭിപ്രായം. സ്വകാര്യ സ്കൂളുകളില്‍ പ്രൈമറി സ്കൂള്‍ അദ്ധ്യാപകര്‍ക്ക് 5000-10,000 വരെയാണ് ശമ്ബളം. ഹൈസ്കൂള്‍ അദ്ധ്യാപകര്‍ക്ക് 20,000 രൂപ വരെയും. ജൂനിയര്‍ ലക്ചര്‍മാര്‍ക്ക് 25,000 രൂപ വരെ ചിലപ്പോള്‍ ലഭിക്കും. അതും ഇപ്പോള്‍ നഷ്ടമായിരിക്കുന്നു.” -ചിരഞ്ജീവി പറഞ്ഞു.
സ്വപ്നങ്ങളുടഞ്ഞ ടെക്കി
സോഫ്റ്റ്വെയര് പ്രൊഫഷണലായ സ്വപ്നയ്ക്ക് ഒരുലക്ഷം വരെ ശമ്ബളം ലഭിച്ചിരുന്നു. ഇപ്പോള്‍ ജോലി പോയി. കുടുംബം പുലര്‍ത്താനായി തൊഴിലുറപ്പ് തൊഴിലാളിയായി. തെലങ്കാനയില്‍ നിരവധി പ്രൊഫഷണലുകള്‍ കൂലിപ്പണിയെടുക്കുകയാണ്.