ഒട്ടാവോ: കൊവിഡ് 19 വ്യാപന കാലത്ത് വിദേശത്ത് കുടുങ്ങിപ്പോയ പൗരന്മാരെ ലോകരാജ്യങ്ങള്‍ തിരികെയെത്തിക്കുമ്ബോള്‍ കാനഡ, വഴി കൊട്ടിയടയ്ക്കുന്നു. അമേരിക്കയുമായുള്ള അതിര്‍ത്തി ഒരു മാസത്തേക്ക് കൂടി അടച്ചതോടെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള വരവ് ഒഴിവാക്കാനാണ് തീരുമാനം. വൈറസ് വ്യാപനത്തിന് തടയിടാനാണ് നീക്കം. ഇതിനോട് അമേരിക്കന്‍ ഭരണകൂടവും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരസ്പര ധാരണയോടെയാണ് തീരുമാനമെന്നും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനാണ് മുന്‍ഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത്യാവശ്യ സര്‍വീസുകള്‍ക്ക് ഇളവ് നല്‍കാനും സാദ്ധ്യതയുണ്ട്. ലോകത്തെ സംഭവങ്ങള്‍ നിരീക്ഷിച്ച്‌ മാത്രമേ എല്ലാ ഇളവുകളും തീരുമാനിക്കൂയെന്നും അദ്ദേഹം പറഞ്ഞു. പുറത്ത് നിന്നും അടിയന്തര ആവശ്യങ്ങള്‍ക്ക് എത്തുന്ന യാത്രക്കാരെ ക്വാറന്റൈനില്‍ അയയ്ക്കുമെന്ന് കാനഡ ചീഫ് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ ഡോ. തെരേസ ടോം പറഞ്ഞു.

രാജ്യത്ത് ഇതുവരെ 79,411 കൊവിഡ് 19 പോസിറ്റിവ് കേസുകളും 5,960 മരണം സംഭവിച്ചിട്ടുണ്ട്. ഇതില്‍ സര്‍ക്കാരിന്റെ ജാഗ്രതക്കുറവാണ് കാരണമെന്നടക്കം വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെ മുഖം രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വാദമുണ്ട്.