കുവൈറ്റ് സിറ്റി: കൊറോണ വൈറസിനെ നേരിടേണ്ടത് സ്വദേശി-വിദേശികളെന്നു നോക്കാതെ രാജ്യം ഒറ്റക്കെട്ടായി , ജനങ്ങളെ അഭിസംബോധന ചെയ്ത് കുവൈറ്റ് അമീര്‍. സര്‍ക്കാരിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കേണ്ടത് പരമപ്രധാനമാണെന്നും കൊറോണ വൈറസിനെ നേരിടാന്‍ ഒരുമയാണ് വേണ്ടതെന്നും കുവൈറ്റ് അമീര്‍ ഷെയ്ഖ് സബ അല്‍ അഹമ്മദ് അല്‍ ജാബെര്‍ അല്‍ സബ പറഞ്ഞു. ടെലിവിഷനിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

കര്‍ഫ്യൂ നീട്ടിയ പശ്ചാത്തലത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു.

‘ ലോകമെമ്ബാടും എന്നതുപോലെ കുവൈറ്റിലും സാരമായി കൊവിഡ് ബാധിച്ച സമയത്താണ് ഈ വര്‍ഷം റമദാനെത്തിയത്. ഈ രോഗത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം’, അമീര്‍ പറഞ്ഞു. നിലവിലെ പ്രതിസന്ധിയെ നേരിടാന്‍ സ്ഥാപനങ്ങളെല്ലാം സഹകരിക്കുന്നുണ്ടെന്നും കൊറോണയ്ക്കെതിരെ പോരാടുന്ന എല്ലാവര്‍ക്കും നന്ദി പറയുന്നതായും അമീര്‍ വ്യക്തമാക്കി.

എണ്ണവില, നിക്ഷേപം തുടങ്ങി പല കാര്യങ്ങളിലും കൊവിഡ് വ്യാപനം പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. വിഭവങ്ങളെ ഉപയോഗപ്രദമാകും വിധം ആലോചിച്ച്‌ വിനിയോഗിക്കുന്നതിലാകണം ഇപ്പോള്‍ ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.