വാഷിങ്ടണ്‍: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലേക്ക് പോകുന്നതിന് മുമ്ബ് രോഗികളെ രക്ഷിക്കാന്‍ പുതിയ വിദ്യ പരീക്ഷിക്കാനൊരുങ്ങി ആരോഗ്യ വിദഗ്ധര്‍. വയാഗ്ര മരുന്നിന്റെ വികാസത്തിലേക്ക് നയിച്ച നൈട്രിക് ഓക്സൈഡ് എന്ന വാതകമാണ് കൊറോണ ചികിത്സയ്ക്കായി ഉപയോഗിക്കാനൊരുങ്ങുന്നത്.
ഹൃദയ വൈകല്യത്തോടെ ജനിക്കുന്ന കുട്ടികളില്‍ രക്തത്തില്‍ ഓക്സിജന്റെ അളവ് വര്‍ധിപ്പിക്കാന്‍ ചികിത്സയ്ക്കിടെ ഈ വാതകം ഉപയോഗിക്കാറുണ്ട്. രക്തക്കുഴലുകളെ സമ്മര്‍ദ്ദരഹിതമാക്കുകയും അതുവഴി രക്തചംക്രമണം വര്‍ധിപ്പിക്കാനും നൈട്രിക് ഓക്സൈഡിന്റെ നിയന്ത്രിത പ്രയോഗത്തിന് കഴിയും എന്ന് തെളിഞ്ഞിട്ടുള്ളതാണ്.
നൈട്രിക് ഓക്സൈഡിന്റെ ഈ ഗുണം കോവിഡ് -19 രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കാനാണ് ശ്രമം. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് ഇതിന് പിന്നില്‍. ന്യുമോണിയ ബാധിച്ച് ഗുരുതരമായി വെന്റിലേറ്റര്‍ ഉപയോഗിക്കേണ്ട സാഹചര്യത്തില്‍ നിന്ന് നിരവധി രോഗികളെ രക്ഷിക്കാന്‍ നൈട്രിക് ഓക്സൈഡിന് കഴിയുമെന്നാണ് വിലയിരുത്തല്‍.
ഹൃദയ വൈകല്യങ്ങളോടെ ജനിക്കുന്ന കുട്ടികളെ ഇസിഎംഒ (എക്സ്ട്രാ കോര്‍പ്പറല്‍ മെമ്ബ്രേന്‍ ഓക്സിജനേഷന്) മെഷിന് സഹായത്തോടെ ജീവന് നിലനിര്‍ത്തേണ്ട സാഹചര്യത്തിലെത്തുന്നതിന് മുമ്ബ് അവസാനവട്ട ശ്രമമെന്ന നിലയില്‍ ഈ വാതകം ശ്വസിപ്പിക്കാറുണ്ട്.
നൈട്രിക് ഓക്സൈഡിന് ചില കൊറോണ വൈറസുകളെ നശിപ്പിക്കാനുള്ള ശേഷിയുണ്ട്. 2003-ലെ സാര്‍സ് വൈറസ് ബാധയുടെ കാലത്ത് നൈട്രിക് ഓക്സൈഡ് പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സാര്‍സ് വൈറസാണ് ഇപ്പോഴത്തെ കൊറോണ വൈറസിന്റെ മുന്‍ഗാമി.
കോറോണ ഗുരുതരമായേക്കാവുന്ന രോഗികളില്‍ രോഗലക്ഷണങ്ങള്‍ ചെറിയ അളവിലുള്ളപ്പോള്‍ തന്നെ ഈ വാതകം 20 മുതല്‍ 30 മിനിറ്റു വരെ ചെറിയ അളവില്‍ ദിവസം രണ്ടു തവണ രണ്ടാഴ്ചയോളം സിപിഎപി മെഷീന് മുഖേനെ ശ്വസിപ്പിക്കുന്നത് ശ്വാസകേശത്തിലുള്ള വൈറസിനെ നശിപ്പിക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതുവഴി വെന്റിലേറ്റര്‍ ആവശ്യം വരുന്ന രോഗികളുടെ എണ്ണം കുറയ്ക്കാന്‍ സഹായിക്കും. ലോകത്ത് മിക്ക രാജ്യങ്ങളിലും വെന്റിലേറ്ററുകളുടെ ക്ഷാമം നേരിടുന്നുണ്ട്.
മാത്രമല്ല, കൊറോണ രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ജോലിക്ക് ശേഷം 10 മുതല്‍ 15 മിനിറ്റുവരെ ഈ വാതകം ശ്വസിക്കുന്നത് രോഗം പകരുന്നത് ഒഴിവാക്കുമെന്നാണ് ഗവേഷകര്‍ കരുതുന്നത്. ഇക്കാര്യങ്ങളില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ വേണ്ടി വരുമെന്നാണ് ഗവേകര്‍ പറയുന്നത്. നിലവില്‍ നൈട്രിക് ഓക്സൈഡ് ചികിത്സക്കായി ഉപയോഗിക്കാന്‍ അമേരിക്കയില്‍ അനുമതി ഉള്ളതാണ്. പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ വ്യാപകമായി ഉപയോഗിക്കാന്‍ വൈകരുതെന്ന് ഗവേഷകര്‍ പറയുന്നു.