ന്യൂഡല്‍ഹി: കൊറോണ വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ക്കായി ഇന്ത്യയും ഭൂട്ടാനും കൈകോര്‍ക്കുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് മുതല്‍ കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ ഭൂട്ടാനുമായി സഹകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഏഴ് അവശ്യ മരുന്നുകളാണ് ഇന്ത്യ ഇതുവരെ ഭൂട്ടാന് നല്‍കിയത്.

പാരസെറ്റമോള്‍, സെട്രിസിന്‍, ഹൈഡ്രോക്‌സിക്ലോറോക്വിന്‍ എന്നീ അവശ്യ മരുന്നുകളാണ് ഇന്ത്യ ഭൂട്ടാനിലേയ്ക്ക് അയച്ചത്. മരുന്നുകള്‍ക്ക് പുറമെ പിപിഇ കിറ്റുകള്‍, എന്‍ 95 മാസ്‌കുകള്‍, ആര്‍ടി-പിസിആര്‍ ടെസ്റ്റ് കിറ്റുകള്‍, എക്‌സ്-റേ മെഷീന്‍ തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങളും ഇന്ത്യ ഭൂട്ടാന് കൈമാറിയിരുന്നു.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ പ്രതിനിധി രുചിറ കംമ്പോജ് ഡിജിറ്റല്‍ എക്‌സ്‌റേ യന്ത്രം ഭൂട്ടാന്‍ വിദേശകാര്യ മന്ത്രി താണ്ടി ഡോര്‍ജിക്ക് കൈമാറിയിരുന്നു. തെക്കന്‍ അതിര്‍ത്തിയിലെ നഗരമായ ഫ്യൂന്റ്ഷോളിംഗില്‍ അടിയന്തിരമായി ഉപയോഗിക്കാനാണ് ഇന്ത്യ ഡിജിറ്റല്‍ എക്‌സ്‌റേ കൈമാറിയത്. ഇരുരാജ്യങ്ങളും തമ്മില്‍ പതിറ്റാണ്ടുകളായി തുടര്‍ന്നുപോരുന്ന വിശ്വാസ്യതയുടെയും ധാരണയുടെയും പ്രതിഫലനമാണിതെന്ന് ഭൂട്ടാനിലെ ഇന്ത്യന്‍ എംബസി പ്രതികരിച്ചു.

വൈദ്യ സഹായമുള്‍പ്പെടെ ഇന്ത്യ നല്‍കിവരുന്ന സഹായങ്ങള്‍ക്ക് ഭൂട്ടാനിലെ വിദേശകാര്യമന്ത്രാലയം നന്ദി പറഞ്ഞു. ഇരു രാജ്യങ്ങളിലെയും ആളുകളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എയര്‍ ബബിള്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒക്ടോബര്‍ 1ന് ഭൂട്ടാന്റെ ഡ്രക് എയര്‍ വിമാനം യാത്രക്കാരുമായി പശ്ചിമ ബംഗാളിലെ ബഗ്‌ദോഗ്രയിലെത്തിയിരുന്നു.