മാനന്തവാടി: സംസ്ഥാനത്ത് കൊറോണ വൈറസ് വീണ്ടും ആശങ്ക പടര്‍ത്തുന്നു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമുള്‍പ്പെടെ 10 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് നിലവില്‍ പാലക്കാടും, വയനാടും കടുത്ത ജാഗ്രതയിലാണ്. വയനാട്ടില്‍ കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്നു.

ഇത് വിവിധ വകുപ്പുദ്യോഗസ്ഥര്‍ക്കിടിയിലും പൊതു ജനങ്ങളിലും ആശങ്ക ഉയര്‍ത്തുകയാണ്. പോലീസുകാര്‍ക്കാണ് രോഗബാധ വളരെ പെട്ടെന്ന് പിടിപെടാനുള്ള സാധ്യതയുള്ളത്. കാരണം ചെന്നൈ ബാംഗ്ലൂര്‍ തുടങ്ങിയ കൊറോണ തീവ്രബാധിത പ്രദേശങ്ങളില്‍ നിന്നും വരുന്നവരുമായി പോലീസുകാര്‍ അടുത്തിടപഴകേണ്ട സാഹചര്യം ഉണ്ടാകുന്നു. വില കുറഞ്ഞ മാസ്ക് മാത്രമാണ് പോലീസിന്റെ പക്കല്‍ രോഗ പ്രതിരോധനത്തിനായുള്ളത്. എന്നാല്‍ ഇവര്‍ കുറഞ്ഞത് എന്‍95 മാസ്കുകളെങ്കിലും നിര്‍ബന്ധമായും ധരിക്കണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശം. മാത്രമല്ല ടാക്സി ഡ്രൈവര്‍ മാരും,ചെറുകിട കച്ചവടക്കാരും മുന്‍കരുതലുകള്‍ പാലിക്കുന്നില്ലെന്നത് മറ്റൊരു തലവേദനയാണ്.