ചെന്നൈ: കൊറോണ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് കോടി രൂപ സംഭാവന നല്‍കുമെന്ന് പ്രഖ്യാപിച്ച് നടന് സൂര്യ. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതത്തിലായ സിനിമാ പ്രവര്‍ത്തകര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് താരം ഇത്രയും തുക സംഭാവന ചെയ്യുന്നത്. പുതിയ ചിത്രമായ സൂരരൈ പോട്ര് ഓ.ടി.ടി റിലീസിനെത്തുന്ന കാര്യം ആരാധകരുമായി പങ്കു വെക്കുന്നതിനിടയിലാണ് സൂര്യ ധനസഹായം പ്രഖ്യാപിച്ചത്.
ആമസോണില്‍ നിന്ന് ലഭിച്ച തുകയില്‍ നിന്ന് 5 കോടി രൂപ കൊറോണ റിലീഫ് ഫണ്ടിലേക്ക് സംഭാവന ചെയ്യുമെന്നാണ് സൂര്യ അറിയിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് സുരരൈ പോട്ര് ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങുന്നത്. തിയേറ്റര്‍ ഉടമകളും ആരാധകരും സാഹചര്യം മനസിലാക്കണമെന്നും തിയേറ്റര്‍ റിലീസിനായി രണ്ട് സിനിമകള്‍ കൂടി ചെയ്യുന്നുണ്ടെന്നും സൂര്യ പറഞ്ഞു.
സൂര്യയെ നായകനാക്കി സുധാ കൊങ്കര സംവിധാനം ചെയ്ത ചിത്രമാണ് സൂരരൈ പോട്ര്. എയര്‍ ഡെക്കാണ് എന്ന ആഭ്യന്തര വിമാന സര്‍വീസസിന്റെ സ്ഥാപകന്‍ ജി.ആര്. ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. മലയാളി താരം അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. 2ഡി എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ സൂര്യ തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒക്ടോബര്‍ 30ന് ആമസോണ്‍ പ്രൈമില്‍ ചിത്രം റിലീസിനെത്തും.