ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഡോക്ടര്‍ മരിച്ചു. ആള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സ് (എയിംസ്) ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍ ജെഎന്‍ പാണ്ഡെയാണ് മരിച്ചത്. 78 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് വൈകീട്ടോടെയായിരുന്നു മരണം സംഭവിച്ചത്.

കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് എയിംസിലെ ജീവനക്കാരന്‍ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എയിംസിലെ അനുഭവസമ്ബത്തുള്ള ഡോക്ടര്‍മാരില്‍ ഒരാളായ പാണ്ഡെയുടെ മരണം.

കൊറോണ രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പാണ്ഡെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ സ്രവപരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയില്‍ തുടരവേ ആരോഗ്യനില വഷളായ പാണ്ഡെയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇന്ന് വൈകീട്ടോടുകൂടി മരിക്കുകയായിരുന്നു.

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പാണ്ഡെ മരിച്ച വിവരം ഡോ. സംഗീത റെഡ്ഡിയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കുന്ന ഡല്‍ഹിയിലെ പ്രീമിയര്‍ ആശുപത്രിയിലെ പള്‍മോണോളജി വിഭാഗം ഡയറക്ടറും പ്രൊഫസറുമായിരുന്നു ജെ എന്‍ പാണ്ഡ.