എസ്. പൈനാടത്ത് എസ്.ജെ.
നാമൊരിക്കലും വിചാരിച്ചിരുന്നില്ല, രാജ്യം മുഴുവനും നിശ്ചലമാകാന്‍ നിര്‍ബന്ധിക്കപ്പെടുമെന്ന്, വിശുദ്ധ വാരാചരണത്തിന് ഇടവകപ്പള്ളിയില്‍ പോകാനാകാത്ത സ്ഥിതിവിശേഷം വരുമെന്ന്. പക്ഷേ, ഇതെല്ലാം കഴിഞ്ഞയാഴ്ചകളില്‍ സംഭവിച്ചു, ഇന്ത്യയില്‍ മാത്രമല്ല, ലോകം മുഴുവനും ഒരു വൈറസിന്റെ മുമ്പില്‍ വിറങ്ങലിച്ചു നില്‍ക്കാനേ മനുഷ്യകുലത്തിനാകൂ! മൂന്നു മിഥ്യാധാരണകളുടെ പുറന്തോടു പൊട്ടിച്ച അനുഭവമാണിത്: 1) ശാസ്ത്രം എല്ലാത്തിനും ഉത്തരം നല്‍കും. 2) പണം ജീവിതത്തെ ഭദ്രമാക്കും. 3) മതം ശ്രേയസ്സിലേക്കു നയിക്കും. ഇവ മൂന്നിലും തറച്ചുനില്ക്കുന്നവര് ഇന്നു മാരകമായ ഒരു വൈറസിന്റെ ഭീതിയില്‍ കഴിയുകയാണ്. ഇത്തരം ഒരു പ്രതിഭാസത്തിലൂടെ കടന്നുപോകുമ്പോള്‍ പലപ്പോഴും അതിന്റെ ഭീകരമായ മുഖം മാത്രമാണു നാം കാണുന്നത്. എന്നാല്‍ അതിലൂടെ ദൈവാത്മാവ് മനുഷ്യകുലത്തോട് എന്തു പറയുന്നു എന്നതിനു കാതോര്‍ക്കാനുള്ള തുറവിയും നമുക്കു വേണം. ജീവിതത്തിലുണ്ടാകുന്ന ഏതൊരു സഹനത്തിനും പ്രതിസന്ധിക്കും ആഴമായ അര്‍ത്ഥവും സന്ദേശവുമുണ്ടല്ലോ. അതു ചികഞ്ഞെടുക്കുന്നതാണു നാളെയിലേക്കു പ്രതീക്ഷയോടെ നീങ്ങാന്‍ ഉള്‍ക്കരുത്തു തരുന്നത്.
പല വചനപ്രഘോഷകരും മതപ്രവാചകന്മാരും ഈ പ്രതിഭാസത്തെ വിലയിരുത്തുന്നത് ദൈവത്തിന്റെ ശിക്ഷയായും ലോകാവസാനത്തിന്റെ മുന്‍ സൂചനയായും പാപത്തിന്റെ ദുരന്തഫലമായുമൊക്കെയാണ്. എന്നാല്‍ ആഗോളസഭ മാര്‍ച്ചുമാസത്തില്‍ സായാഹ്നാരാധന നടത്തിയപ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞതു മറ്റൊന്നാണ്. കാറ്റും കോളുമുണ്ടായപ്പോള് ഉലയുന്ന വഞ്ചിയിലിരുന്ന ശിഷ്യന്മാരോടു യേശു പറഞ്ഞ വാക്കുകള്‍ – നിങ്ങള്‍ക്കു വിശ്വാസമില്ലേ? ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം നല്‍കിയത് ഒരു സാന്ത്വനസന്ദേശമാണ്. ”ദൈവം കൂടെയുള്ളപ്പോള്‍” (എമ്മാനുവേല്‍) എന്തിനു പേടിക്കണം! വൈറസിനെ അതിജീവിക്കുന്ന മനുഷ്യകുലം ലോകമാസകലം ഒരു പുതിയ സംസ്കാരത്തിലേക്കു നീങ്ങുമെന്നു പ്രതീക്ഷിക്കാം. പ്രകൃതിയെ ക്രൂരമായി ചൂഷണം ചെയ്യുന്നതിനു പകരം പ്രകൃതിയോടിണങ്ങുന്ന ലളിതമായ ജീവിതശൈലി, സമ്പത്തും അധികാരവും കയ്യടക്കുന്നതു വിട്ടു കരുണയും നീതിബോധവും ജീവിതമൂല്യങ്ങളാക്കുന്ന സമീപനം, പ്രകടനാത്മകമായ മതാത്മകതയ്ക്കപ്പുറം അനുഭൂതിസാന്ദ്രമായ ആത്മീയതയിലേക്കുള്ള മാറ്റം – ഇതെല്ലാമാകും കൊറോണാനന്തരലോകത്തിലെ നവസംസ്കൃതിയുടെ സവിശേഷതകള്‍. ഇവയില്‍ മൂന്നാമത്തെതിനെപ്പറ്റിയുള്ള ഏതാനും വിചിന്തനങ്ങളാണ് ഈ പ്രബന്ധത്തില്‍ അവതരിപ്പിക്കുന്നത്.
മതാത്മകതയില്നിന്ന് ആത്മീയതയിലേക്ക്
ആത്മീയത ഒരു സാര്വത്രികാനുഭൂതിയാണ്. എല്ലാ മനുഷ്യരുടെയും ഉള്ത്തടത്തില് ദൈവാത്മാവിന്റെ ചലനാത്മകസാന്നിദ്ധ്യമുണ്ട്. ആത്മാവിന്റെ ഈ അനുഭൂതിയാണ് ‘ആത്മീയത.’ ലോകമതങ്ങളിലെ പുണ്യഗ്രന്ഥങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന ‘ആ ത്മാവ്’ എന്ന പദത്തിന്റെ അര്‍ത്ഥം ശ്വാസം, ചലനം, സ്പന്ദനം എന്നാണല്ലോ. ”കാറ്റ് അതിനിഷ്ടമുള്ളിടത്തേക്കു വീശുന്നു, അതിന്റെ ശബ്ദം നീ കേള്‍ക്കുന്നു, എന്നാല്‍ അത് എവിടെനിന്നു വരുന്നെന്നോ എവിടേയ്ക്കു വീശുന്നുവെന്നോ നിനക്കറിയില്ല; ഇതുപോലെയാണ് ആത്മാവിന്റെ പ്രവര്‍ത്തനം” (യോഹ. 3:8) എന്ന വാക്കുകള്‍കൊണ്ടു യേശു ദൈവാത്മാവിന്റെ ചലനാത്മക സാന്നിദ്ധ്യത്തിലേക്കാണു നിക്കോദേമൂസിനെ ഉണര്‍ത്തിയത്. എന്നാല്‍ മനുഷ്യമനസ്സിനു ചലനാത്മകത ഉള്‍ക്കൊള്ളാനാകില്ല. മനസ്സിനു വേണ്ടതു സ്ഥൈതികമായ (static) നാമരൂപങ്ങളാണ്. വസ്തുനിഷ്ഠമായി മാത്രമേ മനസ്സിന് എന്തെങ്കിലും ഉള്‍ക്കൊള്ളാനാകൂ. അതുകൊണ്ടു ചലനാത്മകമായ ദൈവികസാന്നിദ്ധ്യത്തെ നിര്‍ദ്ദേശിക്കാന്‍ മനുഷ്യമനസ്സ് നാമരൂപങ്ങളും അവയോടു ചേര്‍ത്തു മൂര്‍ത്തികളും പ്രതിഷ്ഠകളും ബിംബങ്ങളും വാര്‍ത്തെടുക്കും. ഇവയിലൂടെയാണ് ആത്മീയത മതാത്മകതയായി പരിണമിക്കുന്നത്. ഇതൊരു വിപര്യയമല്ല, മനുഷ്യമനസ്സിന്റെ പരിമിതിയാണ്. മനഷ്യന് മനസ്സ് എന്ന ബഹിര്‍മുഖമായ ഇന്ദ്രിയമുള്ളിടത്തോളം കാലം, മനുഷ്യന് ശരീരബദ്ധനായി കഴിയുന്നിടത്തോളം കാലം, വ്യക്തി സമൂഹബദ്ധമായി വികസിക്കുന്നിടത്തോളം കാലം, മനുഷ്യനു മതപ്രതീകങ്ങള്‍ വേണ്ടിവരും. പരമ്പരാഗതമായ വിശ്വാസസത്യങ്ങള്‍ (creed) നിര്‍ദ്ദിഷ്ടമായ കര്‍മാനുഷ്ഠാനങ്ങള്‍ (cult) വ്യക്തമായ ധാര്‍മികമൂല്യങ്ങള്‍ (code) നിയതമായ സമുദായ സംവിധാനങ്ങള്‍ എന്നിവയാണ് ഏതൊരു മതത്തിന്റെയും നാല് അടിത്തൂണുകള്‍. ചലനാത്മകമായ ദൈവസാന്നിദ്ധ്യബോധത്തിനു സാമൂഹികമാനം പകരുന്ന മതാത്മകതയുടെ ഘടകങ്ങളാണിവ. മനുഷ്യസംസ്കാരത്തിലെ അനിവാര്യതയാണ് ഇവ. ഏതൊരു മതത്തിന്റെയും പ്രഭവസ്ഥാനത്ത് ഒരു ആത്മീയ ഉറവ വിടരുന്നതു കാണാം. യേശുനാഥന്‍ പ്രഘോഷിച്ച ‘ദൈവരാജ്യം’ ഒരു നിര്‍ദ്ദിഷ്ട മതത്തിന്റെ പരിമിതിയിലുള്ളതല്ല, സര്വാശ്ലേഷമായ ഒരു ആത്മീയപ്രക്രിയയാണ്. ദൈവാത്മാവ് സകലത്തെയും പുനഃസൃഷ്ടിയാക്കുന്ന പ്രവര്‍ത്തനത്തിന്റെ കൃപ. എന്നാല്‍ തലമുറകളിലൂടെ ആത്മീയത വികസിക്കുമ്പോള്‍ വ്യവസ്ഥാപിത മതാത്മകതയുടെ ഘടകങ്ങള്‍ അതിനു ഭാവരൂപങ്ങള്‍ നല്‍കും. മുകളില്‍ നിര്‍ദ്ദേശിച്ച നാലു ഘടകങ്ങളിലൂടെ മതാത്മകത ശക്തമാകും. സഭാചരിത്രത്തിലും ഇതുതന്നെയാണല്ലോ സംഭവിച്ചത്. മാറ്റിവയ്ക്കാനാകാത്ത ഒരു ചരിത്ര-സാമൂഹിക പ്രക്രിയയാണിത്.
ഇന്ത്യയില്‍ ഇന്നു മതാത്മകതയ്ക്കാണു പ്രചാരവും പ്രാബല്യവും. ഭീമാകാരമായ ദേവാലയങ്ങള്‍, ആഘോഷപൂര്‍വമായ ആരാധനാനുഷ്ഠാനങ്ങള്‍, പ്രകടനാത്മകമായ തിരുനാളുകള്‍, ഒച്ചവയ്ക്കുന്ന പ്രാര്‍ത്ഥനായോഗങ്ങള്‍, ശബ്ദമുഖരിതമായ മതപ്രഭാഷണങ്ങള്‍, വഴിമുടക്കുന്ന പ്രഭാഷണങ്ങള്‍ ഇവയെല്ലാം ചേര്‍ന്ന് ഒരു ശക്തിദുര്ഗംപോലെയായിത്തീര്ന്നിരിക്കുകയാണ് ഈ രാജ്യത്തെ മതാത്മകത. വിശ്വാസികളും ഭക്തരുമായവരുടെ ആത്മീയ വികാസത്തിന് ഇവ എന്തുമാത്രം സഹായിക്കുന്നുവെന്ന ചോദ്യമല്ല ഇവിടെയുള്ളത്, മതസമുദായത്തിന്റെ കരുത്ത് എത്രമാത്രം വളരുന്നു എന്നതാണ്. ഈ പോക്കില്‍ വലിയ ഒരപകടമുണ്ട്. മൂന്നു മതവിരുദ്ധശക്തികള്ക്കു മതമേഖലയില്‍ ആധിപത്യമുറപ്പിക്കാന്‍ വാതില്‍ തുറന്നുകൊടുക്കുന്നു. 1) അധികാരക്കൊതിയുള്ള രാഷ്ട്രീയപാര്‍ട്ടിക്കു മതവികാരങ്ങളെ ചൂഷണം ചെയ്തു വോട്ടുബാങ്ക് ഉറപ്പാക്കാനാകുന്നു. 2) ലാഭേച്ഛ നിറഞ്ഞ കച്ചവടക്കാര്‍ക്കു മതാനുഭൂതിയെ കരുവാക്കാനിടയാക്കുന്നു. 3) സങ്കുചിത സമുദായ ചിന്തയുറ്റ മതപ്രഭാഷകര്‍ മതമൗലികതയുടെ വിഷം പരത്താനിടവരുന്നു. ആള്‍ബലത്തിലും സമുദായശക്തിയിലും ഊറ്റംകൊള്ളുന്നതാണു പ്രകടനാത്മകമായ മതാത്മകത.
ഇതിനൊരു മാറ്റം വരുത്താന്‍ ബന്ധപ്പെട്ടവര്‍ നിര്‍ബന്ധിതരായി ആള്ക്കൂട്ടസംസ്കാരത്തില് നിന്നും കുടുംബാന്തരീക്ഷത്തിലേക്കുള്ള ഈ നിര്‍ബന്ധിത മാറ്റത്തില്‍ ദൈവാത്മാവിന്റെ നിമന്ത്രണങ്ങള്‍ ഓരോ മതസമൂഹവും വിവേചിച്ചറിയേണ്ടതല്ലേ? ഇവിടെ ക്രൈസ്തവര്‍ ചോദിക്കേണ്ട ചോദ്യമിതാണ്: ”ആത്മാവ് സഭയോട് എന്തു പറയുന്നു?” (വെളി. 2:11).
ഏതായാലും ഒന്നു വ്യക്തമാണ്. പ്രകടനാത്മകമായ, മതാത്മകതയില്‍ നിന്നു ലാളിത്യപൂര്‍ണമായ, അനുഭൂതിബദ്ധമായ, ആത്മീയതയിലേക്കു നീങ്ങാനുള്ള ദൈവാത്മാവിന്റെ ഉള്‍വിളി ഇത്തരുണത്തില്‍ നാം ശ്രദ്ധിക്കണം. യേശുനാഥന്റെ ജീവിതശൈലിയിലേക്കും സുവിശേഷാത്മകമായ ജീവിതാനുഷ്ഠാനത്തിലേക്കും തിരികെപ്പോകാനുള്ള ദൈവികപ്രചോദനമാണിത്. വിജാതീയ രുടെ ഭരണകര്‍ത്താക്കള്‍ക്കുള്ള അധികാരക്കൊതി തന്റെ സഭയില്‍ പാടില്ലെന്നാണല്ലോ യേശു നിഷ്കര്‍ഷിച്ചത് (മര്‍ക്കോ. 10:42-43). ഫരിസേയരുടെ സങ്കുചിത മതമനോഭാവം വിഷമാണെന്നല്ലേ യേശു പറഞ്ഞത് (മര്‍ക്കോ. 8:15). പരസ്പരം പാദങ്ങള്‍ കഴുകാന്‍ തയ്യാറുള്ളവരുടെ ഒരു സമൂഹമാണു യേശു സ്വപ്നം കണ്ടത് (യോഹ. 13:14). കൊറോണാനന്തരസഭയില് പള്ളിപ്പെരുന്നാളുകള്‍ക്കു മോടി കൂട്ടാനുള്ള ജ്വരം ഉണ്ടാകില്ലെന്നു പ്രതീക്ഷിക്കാം. ഊട്ടുതിരുനാളിനും ആഘോഷങ്ങള്‍ക്കും ചെലവാക്കാനുദ്ദേശിച്ച പണം സാധുക്കള്‍ക്കു വിതരണം ചെയ്ത നിരവധിയിടവകകള് പുതിയൊരു സംസ്കാരത്തിന്റെ നാന്ദിയും പ്രതീക്ഷയുമാണ്.
കുടുംബം എന്ന ഗാര്‍ഹികസഭ
ഈ ലോക്ക്ഡൗണ്‍ കാലത്ത് ആളുകള്‍ കുടുംബങ്ങളിലേക്കു പിന്‍വാങ്ങുവാന്‍ നിര്‍ബന്ധിതരായി. ജോലിക്കു പോകാനാകാത്തതുമൂലം പലരും വീട്ടില്‍ത്തന്നെ തങ്ങി. കുടുംബാംഗങ്ങളെന്ന നിലയില്‍ ഒന്നിച്ചിരിക്കാനും കരുതലോടെ മറ്റുള്ളവരെ ശ്രദ്ധി ക്കാനും ക്ഷമയോടെ കേള്‍ക്കാനും ഉള്ളുതുറന്നു സംസാരിക്കാനും കിട്ടിയ അനുഗൃഹീത ദിവസങ്ങളായിരുന്നു ഇവ. മദ്യപാനികള്‍ക്കു മദ്യം കിട്ടാതായതോടെ കുടുംബത്തില്‍ സമാധാനമുണ്ടായി. മക്കളും സഹോദരങ്ങളും മാതാപിതാക്കളുമായ പലര്‍ക്കും വിദൂരത്തായതുകൊണ്ടു വീട്ടില്‍ വരാന്‍ കഴിയാത്തതിന്റെ വേദനയും കുടുംബാംഗങ്ങള്‍ പരസ്പരം പങ്കുവച്ചു. സന്തോഷവും ദുഃഖവും സ്നേഹവും ആശങ്കയുമെല്ലാം പങ്കുവച്ച കൃപയുടെ ദിവസങ്ങളായിരുന്നു ഇവ. ഇത്തരം അനുഭവങ്ങളില്‍ ‘ദൈവം കൂടെയുണ്ട്’ എന്ന അനുഭൂതി നിരവധി പേര്‍ക്ക് ഉള്ക്കരുത്തായിത്തീര്ന്നു. അനുദിനപ്രാര്‍ത്ഥനകള്‍ വെറും ചടങ്ങുകളായി തീരാതെ ദുഃഖവും സ്നേഹവും നന്ദിയുംകൊണ്ടു നിറഞ്ഞു ജീവിതബദ്ധമായി അനുഭവപ്പെട്ടു.
‘കുടുംബം ഗാര്‍ഹികസഭയാണ്’ എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ദര്‍ശനം സഭാമക്കള്‍ അനുഭൂതിയാക്കി മാറ്റി (സഭ 11). സഭയിലെ ജീവകോശം എന്ന നിലയില്‍ ആഗോളസഭ യാഥാര്‍ത്ഥ്യമാകുന്നതു കുടുംബത്തിലാണ്. ഗാര്‍ഹികസഭയുടെ ഈ ആത്മീയമാനം വ്യക്തമാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ എഴുതുന്നു: ”കുടുംബത്തില്‍ ഓരോരുത്തരും സഹനക്ഷമതയും തൊഴിലിന്റെ സന്തോഷവും പരസ്പര സ്നേഹവും ആ വര്‍ത്തിച്ചുള്ള ക്ഷമിക്കലും, സര്‍വോപരി പ്രാര്‍ത്ഥനയിലൂടെയും സ്വയംദാനത്തിലൂടെയുമുള്ള ദൈവാരാധനയും അഭ്യസിച്ചുകൊണ്ടാണിരിക്കുന്നത്” (AL. 86). കുടുംബം എന്ന ‘ഗാര്‍ഹികസഭ’യിലേക്കു തിരിച്ചുപോകാനുള്ള നല്ലൊരവസരമായിരുന്നു ഈ ലോക്ക്ഡൗണ്‍ കാലം. വാസ്തവത്തില്‍ ആദിമസഭയുടെ സംസ്കാരത്തിലേക്കുള്ള ഉണര്‍വായിരുന്നു ഇത് (അപ്പ. 2:46). ”നാം സ്നേഹിക്കുന്ന കുടുംബാംഗങ്ങളെ ദൈവത്തിന്റെ കണ്ണുകള്‍കൊണ്ടു ധ്യാനിക്കുന്നതും അവരില്‍ ക്രിസ്തുവിനെ കാണുന്നതും ആഴമായ ആദ്ധ്യാത്മികാനുഭവമാണ്” (ഫ്രാന് സിസ് മാര്‍പാപ്പ, AL. 323).
നിശ്ശബ്ദതയുടെ സംസ്കാരം
കഴിഞ്ഞ മുപ്പതോളം വര്‍ഷങ്ങളായി കേരളത്തില്‍ ശക്തി പ്രാപിച്ചുവരുന്ന പ്രാര്‍ത്ഥനാ സംസ്കാരത്തിന്റെ മുഖമുദ്ര ഒച്ചയാണ്. ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നത് ഉച്ചത്തില്‍, അത്യുച്ചത്തില്‍, വേണമെന്ന നിര്‍ബന്ധം പല പ്രാര്ത്ഥനാപ്രസ്ഥാനങ്ങളിലും ഉടലെടുത്തു. ധ്യാനാത്മകമായ നിശ്ശബ്ദതയുടെ അനുഗൃഹീതനിമിഷങ്ങള് വിശ്വാസിക്ക് അജ്ഞാതമായി. കുര്‍ബാനയും ദിവ്യകാരുണ്യാരാധനയും നൊവേനയുമെല്ലാം ശബ്ദമുഖരിതമായി. ധ്യാനകേന്ദ്രങ്ങളും ബൈബിള്‍ കണ്‍വെന്‍ഷനുകളും കാതു പൊട്ടിക്കുംവിധം ഒച്ചയുണ്ടാക്കാന്‍ തുടങ്ങി. തിരുപ്പട്ടം, വിവാഹം എന്നീ കൂദാശാനുഷ്ഠാനങ്ങള്‍ മേളങ്ങളായി. രോഗശാന്തി, ഉദ്ദിഷ്ട കാര്യപ്രാപ്തി, ഭാഷാവരം എന്നീ വാഗ്ദാനങ്ങള്‍ കൊടുത്തു ധ്യാനകേന്ദ്രങ്ങള്‍ പരസ്പരം മത്സരിച്ച് ജനക്കൂട്ടത്തെ ആകര്‍ഷിച്ചു. ഒച്ചയുടെ ഈ സംസ്കാരത്തിന്റെ കുത്തിയൊഴുക്കില്പ്പെട്ടു പലരും പെന്തക്കോസ്റ്റല്‍ സഭകളില്‍ ചെന്നടിഞ്ഞു. പ്രാര്‍ത്ഥനായോഗങ്ങള്‍ കുടുംബത്തിലൊതുങ്ങി. ‘ആരാധനാലയങ്ങള്‍ അടച്ചിടണം’ എന്ന സര്‍ക്കാരുത്തരവു വന്നു. കുര്‍ബാനയ്ക്കു പള്ളിയിലും പ്രാര്‍ത്ഥിക്കാന്‍ ധ്യാനകേന്ദ്രത്തിലും പോകാനാകാത്ത ഒരു സ്ഥിതിവിശേഷം വരുമെന്ന് ആരും സ്വപ്നത്തിലേ കരുതിയിരുന്നില്ലല്ലോ.
ഇവിടെയും നാം ചോദിക്കേണ്ടത്, ‘ദൈവാത്മാവ് സഭയോട് എന്തു പറയുന്നു?’ എന്നതാണ് (വെളി. 2:11). യേശുവിന്റെ പ്രാര്‍ത്ഥനാ സംസ്കാരത്തിലേക്കു തിരിച്ചുപോകാനുള്ള വിളി ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. ധ്യാനാത്മകമായ നിശ്ശബ്ദതയിലാണു യേശു പ്രാര്ത്ഥിക്കാനിഷ്ടപ്പെട്ടത്. ആന്തരികനിശ്ശബ്ദതയില്‍ തന്നിലെ പിതാവുമായുള്ള ആത്മൈക്യമാണു യേശുവിന്റെ പ്രാര്ത്ഥനാനുഭൂതിയില് നിറഞ്ഞുനിന്നത്. ”എന്നെ അയച്ച പിതാവ് എന്നിലുണ്ട്… ഞാന്‍ പിതാവില്‍ നിന്നു ജീവനുള്ക്കൊള്ളുന്നു… പിതാവ് എന്നിലും ഞാന്‍ പിതാവിലുമാണ്… പിതാവും ഞാനും ഒന്നാണ്” (യോഹ. 8:28, 6:57, 14:10, 10:30) ഇതായിരുന്നല്ലോ യേശുവിന്റെ പ്രാര്‍ത്ഥനാനുഭവം. തന്നില്‍ നിന്നു മാറി ഉന്നതങ്ങളിലെവിടെയോ സിംഹാസനസ്ഥനായിരിക്കുന്ന ഒരു ദൈവപിതാവിനെ നോക്കിയല്ല യേശു പ്രാര്‍ത്ഥിച്ചത്. തനിക്കുറവിടമായ, തന്നെ അയച്ച, തന്നിലന്തര്‍ലീനമായിരിക്കുന്ന ദൈവികസാന്നിദ്ധ്യത്തിലേക്കു നിരന്തരം ഉണര്ന്നാണു യേശു സംസാരിച്ചതും പ്രവര്‍ത്തിച്ചതും.
ഈ ആത്മാനുഭവം യേശുവിനുണ്ടായതു ധ്യാനാത്മകമായ നിശ്ശബ്ദതയിലായിരുന്നു. അതുകൊണ്ടാണല്ലോ മലമുകളിലേക്കും മണലാരണ്യത്തിലേക്കും രാത്രിയുടെ നിശ്ശബ്ദയാമങ്ങളിലേക്കും പിന്‍വാങ്ങി യേശു പിതൃസാന്നിദ്ധ്യം അനുഭവിച്ചത് (യോഹ. 4:11, 5:16, 6:12, 9:28-29, 22:41). ശിഷ്യന്മാരെ വിളിച്ചുകൂട്ടി ഒരു പ്രയര്‍ കണ്വെന്ഷന് നടത്തിയതായി സുവിശേഷങ്ങളില്‍ ഒരിടത്തും കാണുന്നില്ല. ഒച്ചയുണ്ടാക്കുന്ന പ്രാര്‍ത്ഥനാ സംസ്കാരവും പ്രകടനാത്മകമായ പ്രാര്ത്ഥനാരീതികളും യേശുവിനിഷ്ടമില്ലായിരുന്നു. പ്രാര്‍ത്ഥനയെപ്പറ്റിയുള്ള യേശുവിന്റെ പ്രബോധനം ശ്രദ്ധേയമാണ്. ”നീ പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ കടന്ന്, കതകടച്ച്, രഹസ്യത്തില്‍ നിന്റെ പിതാവിനോടു പ്രാര്‍ത്ഥിക്കുക” (മത്താ. 6:6). ‘ഉള്‍മുറിയില്‍ കടക്കുക’ എന്നതിനു ‘ഹൃദയത്തിലുണരുക’ എന്നും ‘രഹസ്യത്തില്‍’ എന്നതിന് ‘ആന്തരികനിശ്ശബ്ദതയില്‍’ എന്നുമാണു സഭാപിതാക്കന്മാര് കൊടുക്കുന്ന അര്‍ത്ഥം. നമ്മുടെ ഉള്ത്തടത്തില് സന്നിഹിതനായിരിക്കുന്ന ദൈവപിതാവിലേക്കു ധ്യാനാത്മകമായ നിശ്ശബ്ദതയില്‍ ഉണരുന്നതാണു പ്രാര്‍ത്ഥന. ഇതായിരുന്നല്ലോ യേശുവിന്റെ പ്രാര്‍ത്ഥനാസംസ്കാരം. ഇതാണു ശിഷ്യന്മാരില്നിന്നും നമ്മില്‍നിന്നും യേശു പ്രതീക്ഷിക്കുന്നത്. പ്രകടനാത്മകമായി പ്രാര്ത്ഥിക്കരുതെന്നു നിഷ്കര്‍ഷിച്ചതിലൂടെ പ്രാര്‍ത്ഥനയിലെ ആത്മാര്‍ത്ഥത യേശു ഉയര്‍ത്തിക്കാട്ടി; നീണ്ട പ്രാര്‍ത്ഥനകള്‍ ചൊല്ലിക്കൂട്ടുകയല്ല വേണ്ടത് എന്നാവശ്യപ്പെട്ടതിലൂടെ നിശ്ശബ്ദതയുടെ മൂല്യം യേശു ഊന്നിപ്പറഞ്ഞു (മത്താ. 6:5, 7). തനതാവശ്യങ്ങള് ദൈവത്തെ പറഞ്ഞു ബോധിപ്പിക്കാനല്ല പ്രാര്‍ത്ഥിക്കേണ്ടത്; കാരണം ‘നിങ്ങള്‍ ചോദിക്കുന്നതിനു മുമ്പുതന്നെ നിങ്ങളുടെ ആവശ്യം ദൈവപിതാവിനറിയാം” (മത്താ. 6:8). സ്വജീവിതത്തില്‍ ദൈവഹിതം കണ്ടെത്തുകയെന്നതാണു പ്രാര്‍ത്ഥനയുടെ അര്‍ത്ഥം. ഓരോ നിമിഷത്തിലും ദൈവാത്മാവിന്റെ ചലനങ്ങള്‍ വിവേചിച്ചറിയുന്നതാണു പ്രാര്‍ത്ഥന. അതുകൊണ്ടാണു ”ആത്മാവിലും സത്യത്തിലും പ്രാര്ത്ഥിക്കണമെന്നാവശ്യപ്പെട്ടത്. സത്യം എന്ന പദത്തിനര്‍ത്ഥം തുറവി എന്നാണ് (യോഹ. 4:24). തനിക്കകത്തും പുറത്തും സ്പന്ദിച്ചുകൊണ്ടിരിക്കുന്ന ദൈവാത്മാവിന്റെ പ്രചോദനങ്ങള്‍ക്കു നേരെയുള്ള തുറവി – അതാണു പ്രാര്‍ത്ഥനയുടെ ഹൃദയസ്പന്ദനം. ഈ തുറവിയുണ്ടാകുന്നത് ധ്യാനാത്മകമായ നിശ്ശബ്ദതയിലാണ്. കാരണം നിശ്ശബ്ദതയില്‍ ‘ഞാന്‍’ മിണ്ടാതിരിക്കുമ്പോള്‍ ഉള്ളില്‍ നിന്നുള്ള ദൈവസ്വരം ശ്രദ്ധിക്കാനാകും.
പരമാര്‍ത്ഥത്തില്‍ ദൈവാത്മാവാണു പ്രാര്‍ത്ഥനയില്‍ നിമന്ത്രിക്കുന്നത്. ‘വേണ്ടവിധം പ്രാര്‍ത്ഥിക്കേണ്ടതെങ്ങനെയെന്നു നമുക്കറിഞ്ഞൂകൂടാ’ എന്നാണു പ്രാര്‍ത്ഥനാനിരതനായ പൗലോസ് അപ്പസ്തോലന് പറയുന്നത്. ‘നമ്മുടെ ഈ ബലഹീനതയില്‍ ആത്മാവ് നമ്മെ സഹായിക്കുന്നു.’ ആത്മാവിന്റെ നിമന്ത്രണത്തിലാണു യഥാര്‍ത്ഥമായ പ്രാര്‍ത്ഥന വിടരുന്നത് (റോമാ 8:26). ഇതിനര്‍ത്ഥം, പരമാര്‍ത്ഥത്തില്‍ ദൈവാത്മാവാണു പ്രാര്‍ത്ഥിക്കുന്നത്. ദൈവാത്മാവിന്റെ ഈ പ്രാര്‍ത്ഥനയ്ക്കു വാക്കുകളില്ല, അത് ‘അവാച്യമായ നെടുവീര്‍പ്പുകളിലാണ്’ നടക്കുന്നത്. എന്നുവച്ചാല്‍, വാക്കുകള്‍ക്കതീതമായ നിശ്ശബ്ദ നിശ്വസനങ്ങളില്‍ വേണം ദൈവികമായ പ്രാര്‍ത്ഥന ശ്രദ്ധിക്കാനും ശ്രവിക്കാനും. ദൈവാത്മാവിന്റെ ഈ നിശ്വസനങ്ങള് പ്രപഞ്ചത്തിലും മനുഷ്യകുലത്തിലും നിരന്തരം ഉതിരുന്നുണ്ട്. ഒരു പുതിയ സൃഷ്ടിക്കുവേണ്ടിയുള്ള ‘ഈറ്റുനോവായിട്ടാണ്’ പൗലോസ് ഇതിനെ കാണുന്നത് (റോമാ 8:22). പ്രത്യേകിച്ച് ഒരു മഹാമാരിയുടെ ഭീഷണിയില്‍ ലോകമാസകലം മനുഷ്യനും മറ്റു ജീവികളും നിസ്സഹായരായി കഴിയുന്ന ഇക്കാലഘട്ടത്തില്‍ നവസൃഷ്ടിക്കായുള്ള ഈ പ്രസവവേദന ധ്യാനാത്മകനിശ്ശബ്ദതയില് നാം തിരിച്ചറിയണം. ഇതാണ് ഇന്നത്തെ പ്രസക്തമായ പ്രാര്‍ത്ഥന. ജീവിതശൈലിയിലും ജീവിതമൂല്യങ്ങളിലും വലിയൊരു മാറ്റം വരേണ്ടതുണ്ട്. ഇതിനു വ്യക്തികളിലും മതസമുദായങ്ങളിലും രാഷ്ട്രങ്ങളിലും നടക്കേണ്ട ആത്മപരിശോധന, പ്രാര്‍ത്ഥനയുടെ ഭാഗമായിത്തീരണം. വൈറസ് ഉണ്ടാക്കുന്ന ഈ ദുരവസ്ഥ മാറ്റിത്തരണമേ എന്നു പ്രാര്‍ത്ഥിക്കാന്‍ എളുപ്പമാണ്. എന്നാല്‍ ജീവിതലാളിത്യത്തിന്റെ പുതിയൊരു സംസ്കാരത്തിലേക്കുണരാന് കൂട്ടായി ശ്രമിക്കുക എന്നതാണു പ്രാര്ത്ഥനാജന്യമായ ഉത്തരവാദിത്വം.