അഹമ്മദാബാദ്: കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച്‌ ആശുപത്രില്‍ ചികിത്സയില്‍ കഴിയുന്നയാള്‍ ബസ് സ്റ്റാന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗുജറാത്ത് അഹമ്മദാബാദിലാണ് സംഭവം.

67 കാരനായ ഛഗന്‍ മക്വാനയെയാണ് വെള്ളിയാഴ്ച്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ മരിച്ചയാളുടെ കുടുംബം രംഗത്തെത്തി. ഇതില്‍ 24 മണിക്കൂറിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദില്ലി മുഖ്യമന്ത്രി വിജയി രൂപാണി മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെപി ഗുപ്തയോട് പറഞ്ഞു.

‘വെള്ളിയാഴ്ച്ച പുലര്‍ച്ചെയായിരുന്നു ഇയാളുടെ മൃതദേഹം ബിആര്‍ടിഎസ് ബസ് സ്‌റ്റേഷനില്‍ കണ്ടത്. പിന്നാലെ സുരക്ഷാ ജീവനക്കാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് ഇയാളുടെ മൃതശരീരം പോസ്റ്റ് മോര്‍ട്ടത്തിനായി മറ്റൊരു ആശുപത്രില്‍ പ്രവേശിപ്പിച്ചു. പോക്കറ്റില്‍ നിന്നും മകന്റെ നമ്ബര്‍ അടങ്ങുന്ന സ്ലിപ് ലഭിച്ച ശേഷം മാത്രമാണ് ഞങ്ങളെ അറിയിച്ചത്. അതും പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമാണ്.’ മരണപ്പെട്ടയാളുടെ സഹോദരന്‍ പൊലീസിനോട് പറഞ്ഞു.

ഞങ്ങളെല്ലാവരും നിരീക്ഷണത്തില്‍ കഴിയുകയാണ്. ആശുപത്രി അധികൃതര്‍ സഹോദരന്റെ മരണത്തെക്കുറിച്ച്‌ ഞങ്ങളെ അറിയിച്ചിരുന്നില്ല. പകരം അദ്ദേഹത്തിന്റെ മൃതശരീരം ബസ് സ്റ്റോപ്പില്‍ കൊണ്ടിടുകയാണ് ചെയ്തത്. പൊലീസും ഇതില്‍ അന്വേഷണം നടത്തിയില്ലെന്നും സഹോദരന്‍ പറഞ്ഞു.

എന്നാല്‍ അദ്ദേഹത്തിന്റെ സ്ഥിതി ആശ്വാസകരമായിരുന്നുവെന്നും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ച ശേഷം വീട്ടിലേക്ക് പോകാന്‍ പറയുകയായിരുന്നുവെന്നും കൊവിഡ്-19 സ്‌പെഷ്യല്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു ഒമെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. എന്നാല്‍ പിന്നിട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ആശുപത്രി അധികൃതരെ ചോദ്യം ചെയ്ത് വരികയാണ്.

രാജ്യത്ത് മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊവിഡ്-19 രോഗികളുള്ള സംസ്ഥാനമാണ് ഗുജറാത്ത്.

10988 പേര്‍ക്കാണ് ഗുജറാത്തില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 1057 പേര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിലാണ് രോഗം സ്ഥിരീകരിച്ചത്. 6055 പേര്‍ ചികിത്സയില്‍ തുടരുമ്ബോള്‍ 4038 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു. 625 പേരാണ് സംസ്ഥാനത്തെ ഇതുവരെ മരണത്തിന് കീഴടങ്ങിയത്. 19 പേര്‍ ഇന്നലെ മാത്രം മരിച്ചതാണ്.

ഗുജറാത്തിലെ പോലെ തന്നെ തമിഴ്നാട്ടിലും സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. രോഗം ബാധിച്ചവരുടെ എണ്ണം 10000 കടന്നിരിക്കുകയാണ് തമിഴ്നാട്ടില്‍. ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 10585 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 6973 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. 3538 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടപ്പോള്‍ 74 പേര്‍ മരണത്തിന് കീഴടങ്ങി. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ തമിഴ്നാട്ടില്‍ മരണനിരക്ക് കുറവാണ്.