തമിഴ്നാടിനും ആന്ധ്ര പ്രദേശിനും പിറകെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോവുകയാണ് കര്‍ണാടകയും തെലങ്കാനയും. ഇന്നലെ രണ്ട് സംസ്ഥാനങ്ങളിലുമായി നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാല് സംസ്ഥാനങ്ങളിലെ മരണസംഖ്യ 108 ആയി.തമിഴ്നാട്ടില്‍ മൂന്ന് ദിവസങ്ങളിലായി നൂറിന് മുകളിലാണ് രോഗബാധിതരുടെ എണ്ണം. ഇന്നലെ 161 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 138 പേരും ചെന്നൈയില്‍ നിന്നുള്ളവരാണ്.

ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 910 ആയി.1258 പേര്‍ ആശുപത്രി വിട്ടത് മാത്രമാണ് ആശ്വാസം. ചെന്നൈ നഗരത്തിലെ എല്ലാ പച്ചക്കറി മാര്‍ക്കറ്റുകളും പൂട്ടി. കോയമ്മേട് മാര്‍ക്കറ്റില്‍ ഒന്‍പത് പേര്‍ക്ക് രോഗം ബാധിച്ചതിനെ തുടര്‍ന്നാണിത്. ലോക്ക് ഡൗണ്‍ നീട്ടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നാളെ ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. ചെന്നൈയെ പ്രത്യേക നിരീക്ഷണ മേഖലയാക്കണമെന്നാണ് വിദഗ്ധ സമിതിയുടെ ശുപാര്‍ശ.

അഞ്ച് ദിവസത്തിന് ശേഷമാണ് തെലങ്കാനയില്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ മരിച്ചത് മൂന്ന് പേര്‍. സംസ്ഥാനത്തെ മരണസംഖ്യ 28 ആയി ഉയര്‍ന്നു. ഇന്നലെ 22 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1038 ആണ് രോഗബാധിതരുടെ എണ്ണം. 442 പേര്‍ ആശുപത്രി വിട്ടു. കര്‍ണാടകയില്‍ ഇന്നലെ ഒരാളാണ് മരിച്ചത്. മരണസംഖ്യ 22 ആയി. 30 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗബാധിതര്‍ 565 ആയി. 229 പേര്‍ ആശുപത്രി വിട്ടു. രണ്ടു സംസ്ഥാനങ്ങളിലും ദിവസങ്ങള്‍ക്കു ശേഷമാണ് 15ന് മുകളില്‍ രോഗബാധിതര്‍ ഉണ്ടാകുന്നത്. ആന്ധ്ര പ്രദേശില്‍ ഇന്നലെ 71 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതര്‍ 1403 ആയി. സംസ്ഥാനത്തെ മരണസംഖ്യ 31 ആണ്.