കൊല്ലം: കൊട്ടിയത്ത് വിവാഹത്തിൽ നിന്നും കാമുകൻ പിന്മാറിയതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്രെംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. നേരത്തെ കേസ് അന്വേഷിച്ചിരുന്ന ലോക്കൽ പൊലീസിൽ നിന്നും ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ച കേസ് ഡയറി പരിശോധിച്ചു വരികയാണ്. കേസിൽ ലോക്കൽ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ചയും ക്രൈംബ്രാഞ്ച് പരിശോധിക്കും.

കേസിലെ പ്രതിയായ ഹാരിസ്, ആരോപണ വിധേയരായ ഹാരിസിന്റെ മാതാപിതാക്കൾ, സഹോദരൻ, സഹോദരന്റെ ഭാര്യയും സീരിയൽ താരവുമായി ലക്ഷ്മി പ്രമോദ് എന്നിവരെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം.

ഇക്കഴിഞ്ഞ സെപ്തംബർ 3 നാണ് റംസി ആത്മഹത്യ ചെയ്തത്. റംസിയുമായി വിവാഹം ഉറപ്പിച്ചിരുന്ന ഹാരിസ് സാമ്പത്തികമായി മറ്റൊരു ഉയർന്ന ആലോചന വന്നപ്പോൾ റംസിയെ ഒഴിവാക്കി. ഇതിൽ മനംനൊന്തായിരുന്നു റംസി ആത്മഹത്യ ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് സീരിയൽ താരം ലക്ഷ്മി പ്രമോദിനെതിരെയും ആരോപണം ഉയരുന്നുണ്ട്. ഹാരിസുമായുള്ള പ്രണയ ബന്ധത്തിന് എല്ലാ സഹായവും ചെയ്തു കൊടുത്തതും ഗർഭിണിയായപ്പോൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ഗർഭഛിദ്രം നടത്തിയതും ലക്ഷ്മിയാണെന്നാണാണ് റംസിയുടെ ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ ഹാരിസിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.