കൊല്ലം: വരൻ വിവാഹത്തിൽ നിന്നു പിൻമാറിയതിൽ മനംനൊന്ത് കൊട്ടിയത്ത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. വാട്ടസ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഭവത്തിൽ പ്രതിഷേധിച്ച് ലോങ്ങ് മാർച്ച് സംഘടിപ്പിച്ചു. പെൺകുട്ടിയുടെ മരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

ജസ്റ്റിസ് ഫോർ റംസി എന്ന പേരിലുള്ള വാട്ട്‌സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു ലോങ്ങ് മാർച്ച് സംഘടിപ്പിച്ചത്. റംസിയുടെ ആത്മഹത്യ കാരണക്കാരനായ ഹാരിസിന്റെ അമ്മ, സഹോദര പത്‌നിയും സീരിയൽ നടിയുമായി ലക്ഷ്മി പ്രമോദ് എന്നിവരെ ഉടൻ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ലോങ്ങ് മാർച്ച്.

ജില്ലാ ക്രൈംബ്രാഞ്ച് സംഘം റംസിയുടെ ആത്മഹത്യയെ കുറിച്ച് അന്വേഷണം തുടങ്ങി. സൈബർ വിദഗ്ദർ ഉൾപ്പെടെയുള്ളവർ സംഘത്തിൽ ഉണ്ട്. റംസി, ഹാരീസ് മുഹമദ് സിരിയൽ നടി ലക്ഷമിപ്രമോദ് എന്നിവരുടെ ഫോൺരേഖകൾ പരിശോധിച്ച് തുടങ്ങി. വരും ദിവസങ്ങളിൽ തന്നെ ഹാരിസിന്റെ അമ്മയെയും സീരിയൽ നടിയെയും ചോദ്യം ചെയ്യുമെന്നാണ് സൂചന. ഇരുവരുടെയും ഫോൺ രേഖകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അതേസമയം മുൻകൂർ ജാമ്യത്തിനായി ഇരുവരും കോടതിയെ സമിപിച്ചിടുണ്ട്.