ന്യൂയോര്‍ക്ക്: കോവിഡ് മൂലം ദുരിതം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് വീണ്ടും സഹായ ഹസ്തവുമായി കേറള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.എ.എന്‍.എ)ആദ്യ രണ്ട് ഘട്ടങ്ങളില്‍ സഹായമെത്തിച്ചതിന്റെ തൂടര്‍ച്ചയായാണ് മൂന്നാം ഘട്ടത്തില്‍ 35 കുടുംബങ്ങള്‍ക്ക് കൂടി സഹായം എത്തിച്ചത്.
സഹായം ലഭിച്ച അനേകം കുടുംബങ്ങളുടെ നന്ദി വാക്കുകള്‍ അസോസിയേഷന്‍ പ്രവര്‍ത്തകരെ കൂടുതല്‍ പ്രവര്‍ത്തന സജ്ജരാകുവാന്‍ പ്രേരിപ്പിക്കുന്നു . ദുരിതം അനുഭവിക്കുന്ന 51 കുടുംബങ്ങള്‍ക്ക് ഈ പ്രതിസന്ധിയില്‍ സഹായം എത്തിക്കുവാന്‍ കഴിഞ്ഞു എന്നത് സമൂഹത്തോടുള്ള സംഘടനയുടെ പ്രതിബദ്ധതയായി ഭാരവാഹികള്‍ കണക്കാക്കുന്നു.
കോവിഡ് മഹാമാരിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ അനേകരാണ്. ജോലി നഷ്ട്ടപെട്ടു കഴിയുന്നവര്‍, ഗവണ്മെന്റ് ആനുകൂല്യങ്ങള്‍ ലഭിക്കാത്തവര്‍ തുടങ്ങി വേദന അനുഭവിക്കുന്ന വലിയ സമൂഹം നമ്മുടെ ചുറ്റുപാടുകളില്‍ ഉണ്ട് എന്ന തിരിച്ചറിവ് ആണ്, ഈ സംരംഭത്തിന് പ്രേരകമായത് .
അസോസിയേഷന്‍ ഭാരവാഹികളുടെയും, അംഗങ്ങളുടെയും അഭ്യുദയ കാംഷികളുടെയും, അകമഴിഞ്ഞ സഹകരണം ഇതിനു പിന്നിലുണ്ട്. ആദ്യം തന്നെ സംഘടനയുടെ ഫണ്ടില്‍ നിന്ന് രണ്ടായിരം ഡോളര്‍ മുന്‍കൂറായി എടുത്താണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
ഗോ ഫണ്ട് മി, ഫേസ് ബുക്ക് എന്നിവ വഴി കണ്ടെത്തുവാനുള്ള ശ്രമം തുടരുന്നു. ഇതില്‍ നിന്ന് ലഭിക്കുന്ന തുകയാണ് ഈ സംരഭത്തിനായി ഉപയോഗിച്ച് വരുന്നത് . പതിനായിരം ഡോളറാണ് ഇതിനായി നിശ്ചയിച്ചിരിക്കുന്ന തുക. ഏകദേശം ഏഴായിരത്തിലധികം ഡോളര്‍ ഇതിനോടകം സമാഹരിക്കുവാന്‍ കഴിഞ്ഞു എന്ന് ഭാരവാഹികള്‍ അറിയിച്ചു .
നിര്‍ലോഭകരമായ സഹായ സഹകരനണങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കുന്നു. തുടര്‍ന്നും ഏവരുടെയും സഹായ സഹകരണം ഉണ്ടാകണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. ഉദ്യമത്തില്‍ പങ്കാളിയായവരോടുള്ള നന്ദിയും അവര്‍ അറിയിച്ചു .
മൂന്നാം ഘട്ട ഭക്ഷ്യ വിതരണത്തില്‍ ന്യൂയോര്‍ക്ക് സെനറ്റര്‍ കെവിന്‍ തോമസ് പങ്കെടുക്കുകയും പ്രവര്‍ത്തനങ്ങള്‍ക്കു എല്ലാ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു .
അതോടൊപ്പം കെ സി എ എന്‍ എ പ്രവര്‍ത്തകര്‍ ഇന്ത്യന്‍ സമൂഹം നേരിടുന്ന അനേക പ്രശ്ശനങ്ങള്‍ സെനറ്ററുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തു . പ്രത്യേകമായി എച് വണ്‍ വിസയില്‍ വന്നു ജോലി നഷ്ട്ടപ്പെട്ട് നാട്ടില്‍ പോകാന്‍ സാധിക്കാത്തവര്‍, അവരുടെ യു.എസ്. സിറ്റിസണ്‍ഷിപ്പുള്ള കുഞ്ഞുങ്ങള്‍, നാട്ടില്‍ അവധിയ്ക്കു പോയി തിരിച്ചു വരാത്തവര്‍, പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ അവരെ ഒ രുനോക്കു കാണാന്‍ ആഗ്രഹിക്കുന്നവര്‍, വിവിധ ആവശ്യങ്ങളുമായി നാട്ടില്‍ അത്യാവശ്യമായി പോകേണ്ടവര്‍, അങ്ങനെ സമൂഹം നേരിടുന്ന നിരവധി പ്രശ്ശനങ്ങള്‍ സെനറ്ററുടെ ശ്രദ്ധയില്‍ പെടുത്തി.
അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെ സെനറ്റര്‍ പ്രകീര്‍ത്തിക്കുകയും, പ്രത്യേക നന്ദി രേഖപ്പെടുത്തുകയും ചെയ്തു . അദ്ദേഹത്തൊടൊപ്പം, പേര്‍സണല്‍ സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു . അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയ കാര്യങ്ങള്‍ , ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ എംബസ്സിയുമായും , ഇന്ത്യന്‍ പ്രധാന മന്ത്രിയുമായും ബന്ധപ്പെട്ട് പരിഹാരത്തിന് ശ്രമം തുടങ്ങുമെന്ന് ഉറപ്പുനല്‍കി . താനും ഒരു ഇന്ത്യക്കാരനും, മലയാളിയും ആണെന്നും അതുകൊണ്ടു കമ്മ്യൂണിറ്റി നേരിടുന്ന പ്രശ്‌നങ്ങളില്‍ തന്റെ പ്രത്യേക ശ്രദ്ധ ഉണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫ്രണ്ട് ലൈന്‍ വര്‍ക്കേഴ്‌സിനോടുള്ള നന്ദി സൂചകമായി ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്‌മെന്റിലെ ജമൈക്കയിലുള്ള 105 വേ പ്രീസിംക്ട് ഉദ്യോഗസ്ഥര്‍ക്കും ക്വീന്‍സ് ജനറല്‍ ഹോസ്പിറ്റലിലെ നൂറില്‍ പരം ജീവനക്കാര്‍ക്കും ഭക്ഷണം വിതരണം നടത്തുന്ന കാര്യവും സെനറ്ററുടെ ശ്രദ്ധയില്‍പ്പെടുത്തി.
അസോസിയേഷന്‍ ഭാരവാഹികളായ റെജി കുര്യന്‍ (പ്രസിഡന്റ്), ഫിലിപ്പ് മഠത്തില്‍ (സെക്രട്ടറി), ജോര്‍ജ് മാറാച്ചേരില്‍ (ട്രഷറര്‍) സ്റ്റാന്‍ലി കളത്തില്‍ (വൈസ് പ്രസിഡന്റ് ) ലതികാ നായര്‍ (ജോയിന്റ് സെക്രട്ടറി) ജൂബി വെട്ടം (ജോയിന്റ് ട്രെഷറര്‍) കമ്മറ്റി അംഗങ്ങളായ എബ്രഹാം പുതുശ്ശേരില്‍, അജിത് കൊച്ചുകുടിയില്‍, രാജു എബ്രഹാം, അംഗങ്ങളായ ചെറിയാന്‍ അരികുപുറം , ജെയിംസ് അരികുപുറം എന്നിവര്‍ പങ്കെടുത്തു .