തിരുവനന്തപുരം: കൊവിഡിനെ തടഞ്ഞുനിറുത്തുന്നതില്‍ കേരളം നേടിയ മേല്‍കൈ അയഞ്ഞുപോകുന്നത് ആശങ്കയ്ക്കിടയാക്കുന്നു. ഓരോ ദിവസം കഴിയുംതോറും രോഗികളുടെ എണ്ണം കൂടിവരികയാണ്. തടഞ്ഞു നിറുത്തിയിരുന്ന കൊവിഡ് ഇളകി തടങ്ങിയിരിക്കുന്ന അവസ്ഥ. വിദേശങ്ങളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും ആള്‍ക്കാര്‍ എത്തിയതോടെയാണ് രണ്ടാംഘട്ട രോഗവ്യാപനം ഉണ്ടായത്.

ഇനി കൂടുതല്‍ പേര്‍ വരാനിരിക്കുന്നതേയുള്ളൂ. എന്നാല്‍ മരണ നിരക്ക് ഉയരുന്നില്ല എന്നതാണ് കേരളത്തിന് ആശ്വാസം. ആവശ്യത്തിന് ചികിത്സ ലഭിക്കുന്നതാണ് ഇതിന് കാരണം. ഇതാണ് കേരളത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ചാലേ ഒരു ആശുപ്രതി കാണാനാവൂ. അതുകൊണ്ട്തന്നെ വേണ്ടത്ര ചികിത്സകിട്ടുന്നില്ല. ഇനി ആശുപ്രതികളുളള മുംബയ് പോലുള്ള സ്ഥലങ്ങളില്‍ രോഗത്തെ തടഞ്ഞു നിറുത്താനുമാവുന്നില്ല.

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ പരീക്ഷകള്‍ കൂടി തുടങ്ങുന്നതാണ് ആശങ്ക. മേയ് 1 മുതല്‍ 7വരെ തീയതികളില്‍ പുതിയ രോഗബാധിതരില്ലായിരുന്നു. എട്ടിന് ഒരാള്‍ പോസിറ്റീവായി. അതുവരെ ചികിത്സയില്‍ ഉണ്ടായിരുന്നത് 16 രോഗികള്‍ മാത്രമായിരുന്നു. മേയ് ഏഴിനാണ് വിദേശത്ത് നിന്നും ആദ്യ വിമാനം എത്തിയത്. ഇതോടെ മേയ് 13 ന് രോഗികളുടെ എണ്ണം രണ്ടക്കത്തിലേക്ക് കടന്നു. 12 ദിവസത്തിനുള്ളില്‍ രോഗബാധിതര്‍ 16ല്‍ നിന്ന് 161 ആയി. 145 പേര്‍ പുതുതായി രോഗം ബാധിച്ചു. നിരീക്ഷണത്തിലുള്ളവരുടെ എണ്ണമാകട്ടെ 74,398 ആയി ഉയര്‍ന്നു.

സമ്ബര്‍ക്കത്തിലൂടെയുള്ള രോഗബാധയും വര്‍ദ്ധിക്കുന്നുണ്ട്. വയനാട്ടിലെ ട്രക്ക് ഡ്രൈവറില്‍ നിന്നും 10 പേരിലേക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം പടര്‍ന്നു. അവരുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ട മൂന്ന് പൊലീസുകാരും രോഗബാധിതരായി. ഇന്നലെയും കണ്ണൂരില്‍ ഒരാള്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. പ്രവാസികളില്‍ കാല്‍ശതമാനം പോലും മടങ്ങിയെത്തിയിട്ടില്ല. ബാക്കിയുള്ളവര്‍ കൂടി എത്തുമ്ബോള്‍ രോഗബാധിതരുടെ എണ്ണം കൂടാനിടയുണ്ട്.