ലോകപ്രശസ്ത ഫാഷന്‍/ ലൈഫ്സ്‌റ്റൈല്‍ മാഗസിന്‍ വോഗ് അവതരിപ്പിക്കുന്ന വോഗ് വാരിയേഴ്സ് പട്ടികയില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയും. കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍നിരയിലുള്ള വനിതകളെ ആദരിക്കാനാണ് കോവിഡ് വാരിയേഴ്സ് സീരിസ് അവതരിപ്പിച്ചിരിക്കുന്നത്. .മഹാവ്യാധിയില്‍ നിന്ന് കേരളത്തെ മോചിപ്പിക്കുന്ന ആരോഗ്യമന്ത്രിയെന്ന തലക്കെട്ടിലാണ് ടീച്ചറെക്കുറിച്ചുള്ള ലേഖനം. നിപ്പ വൈറസിന് ശേഷം, പൊതുജനാരോഗ്യമെന്ന ലക്ഷ്യവുമായി കൊറോണ വൈറസുമായുള്ള യുദ്ധത്തില്‍ കേരളത്തിന്റെ ആരോഗ്യമന്ത്രി മുന്നിട്ട് നില്‍ക്കുന്നുവെന്ന് ലേഖനത്തില്‍ പറയുന്നു.

അധ്യാപികയായി കരിയര്‍ ആരംഭിച്ച അവര്‍ ആരോഗ്യമന്ത്രി എന്ന നിലയില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്.2018ല്‍ നിപ്പ വൈറസിനെ വിജയകരമായി നേരിടുന്നതിന് സഹായിച്ചത്, മുഖ്യമന്ത്രി പിണറായി വിജയനുമായി ചേര്‍ന്ന് അവര്‍ നടത്തിയ മികച്ച ആസൂത്രണങ്ങളും അവയുടെ നടപ്പാക്കലുമാണ്. ഒരിക്കല്‍ കൂടി അവര്‍ ഒരു മഹാമാരിയില്‍ നിന്ന് കേരളത്തെ കരകയറ്റുകയാണെന്നും വോഗ് ലേഖനത്തില്‍ പറയുന്നു.