കൊച്ചി: കേരളം കോവിഡ് സമൂഹവ്യാപനമായ മൂന്നാംഘട്ടത്തിലേയ്ക്ക് കടന്നതായി സംശയം . കൂടുതല്‍ ഇളവുകള്‍ സംസ്ഥാനത്തിന് തിരിച്ചടിയായെന്ന് ആരോഗ്യവിദഗ്ദ്ധര്‍ വിലയിരുത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സംസ്ഥാനത്ത് വൈറസ് കൂടുതല്‍ പേരിലേയ്ക്ക് പകരുന്നതായാണ് കാണുന്നത്. ഇതോടെ പ്രതിരോധവും ഏകോപനവും പാളുന്നു. കേന്ദ്രവും സംസ്ഥാനവും കൂടുതല്‍ ഇളവുകള്‍കൂടി നല്‍കിയതോടെ പ്രതിരോധ പ്രവര്‍ത്തനം താളംതെറ്റി. രോഗബാധിതരും ഏറുകയാണ്.

കോവിഡ്മുക്തമെന്ന് പ്രഖ്യാപിച്ച്‌ ആശ്വസിച്ച ജില്ലകളിലെല്ലാം വീണ്ടും രോഗബാധിതരെ കണ്ടെത്തി. എന്നാല്‍, സമ്ബര്‍ക്കപ്പട്ടിക തയാറാക്കലും റൂട്ട് മാപ്പിന് പിറകെ പോകലും നിര്‍ത്തിയ മട്ടാണ്. പൊലീസുകാര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആരോഗ്യപ്രവര്‍ത്തകര്‍ ആശങ്കയിലാണ്. അതുപോലെ വാളയാറില്‍ രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ സമീപമുണ്ടായിരുന്ന ജനപ്രതിനിധികളും പൊലീസുകാരും മാധ്യമപ്രവര്‍ത്തകരും ക്വാറന്റീനില്‍ പ്രവേശിക്കണമെന്ന് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്ന ആയിരക്കണക്കിന് ആളുകള്‍ വീടുകളില്‍ ക്വാറന്റീനിലാണ്. കര്‍ശന നിര്‍ദേശം എല്ലാവര്‍ക്കും നല്‍കിയിട്ടുണ്ടെങ്കിലും തുടര്‍ മോണിറ്ററിങ്ങും റിപ്പോര്‍ട്ടിങ്ങും പഴയപോലെ നടക്കുന്നില്ലെന്ന ആരോപണങ്ങള്‍ ഉയരുന്നു.

കോവിഡ് പ്രതിരോധത്തിന്റെ ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ ക്വാറന്റീനിലുള്ള ആളുകളുടെ വീടുകള്‍ക്ക് മുന്നില്‍ ജില്ല ഭരണകൂടം നോട്ടീസ് പതിപ്പിച്ചിരുന്നു. ഇപ്പോള്‍ അത്തരം നടപടികളും ഇല്ല. സര്‍ക്കാര്‍ ഒരുക്കിയ ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ കാര്യക്ഷമമല്ലെന്ന ആക്ഷേപത്തെ തുടര്‍ന്ന് പലരും മറ്റ് ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറി. ചെറിയ വീഴ്ചകള്‍ വലിയ വിപത്തില്‍ എത്തിക്കുമെന്ന മുന്നറിയിപ്പ് സര്‍ക്കാര്‍ ആവര്‍ത്തിക്കുമേ്ബാഴും ഇളവുകള്‍ക്കിടയിലെ ക്വാറന്റീന്‍ എത്രമാത്രം സുരക്ഷിതമാകും എന്നതിലും ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്കയുണ്ട്.