കൊച്ചി: ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ കെ. ഹരിപാലിനെ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി. കോട്ടയം ചങ്ങനാശേരി പായിപ്പാട് മല്യത്ത് എം.എന്‍. കരുണാകരന് നായര്‍ – എം.എന്‍. രുഗ്മിണിഅമ്മ ദന്പതികളുടെ മകനാണ്.
ഹരിപാല്‍ പായിപ്പാട് മുസ്ലിം എല്‍പി സ്കൂള്‍, കുന്നന്താനം എന്‍എസ്എസ് ഹൈസ്കൂള്‍, തിരുവല്ല മര്‍ത്തോമ്മാ കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം 1986ല്‍ എറണാകുളം ഗവണ്മെന്റ് ലോ കോളജില്‍ നിന്ന് നിയമ ബിരുദം നേടി. തൊട്ടടുത്ത വര്‍ഷം ജുഡീഷ്യല്‍ സര്‍വീസില്‍ പ്രവേശിച്ചു. മൂവാറ്റുപുഴ ജുഡീഷ്യല്‍ സെക്കന്‍ഡ് ക്ലാസ് മജിസ്ട്രേറ്റായി നിയമനം. 1990 ല്‍ നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടായി. 2005ല്‍ ജില്ലാ ജഡ്ജിയായി. 2018 ജനുവരിയില്‍ കേരള ഹൈക്കോടതിയില്‍ സബോര്‍ഡിനേറ്റ് ജുഡീഷ്യറി രജിസ്ട്രാറായി. 2019ല്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലായി.