കെപിസിസി അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ട് തർക്കമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. പ്രചരിക്കുന്ന വാർത്തകൾ സത്യവിരുദ്ധമാണ്. തൻ്റെ നിലപാട് എഐസിസിക്ക് മുന്നിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട് ആരുമായും ചർച്ചനടത്തിയിട്ടില്ല. ബോധപൂർവം സൃഷ്ടിക്കപ്പെട്ട വാർത്തകളിൽ പ്രവർത്തകർ വീണുപോകരുതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

കമൽനാഥ്, പി ചിദംബരം, അംബികാ സോണി, ഹരീഷ് റാവത്ത് മുതലായവർ ചെന്നിത്തലയെ മാറ്റുന്നത് ഉചിതമാകില്ലെന്ന് കോൺഗ്രസ് അധ്യക്ഷയെ അറിയിച്ചു. രമേശിന്റെയും സതീശന്റെയും പേരിൽ തർക്കം രൂക്ഷമായതോടെ ആണ് പി ടി തോമസിന്റെ പേര് സമവായമായി പരിഗണനയ്ക്ക് എത്തിയത്. ജനകീയ സമരങ്ങളിലെ സജീവ സാന്നിധ്യം എന്നതും അനുകൂല ഘടകമാണ്.

പ്രതിപക്ഷ നേതാവുമായി ബന്ധപ്പെട്ട വിഷയത്തിൽ യുവ നേതൃത്വം വേണം എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ അഭിപ്രായം. ആശയ വിനിമയം പുരോഗമിക്കുകയാണെന്നും രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപനം ഉണ്ടാകും എന്നും എഐസിസി വക്താക്കൾ അറിയിച്ചിരുന്നു