ദോഹ : ഇന്ത്യയില്‍ കുടുങ്ങി കിടന്നിരുന്ന കനേഡിയന്‍ പൗരന്മാരെ ഖത്തര്‍ എയര്‍വേയ്‌സ് സുരക്ഷിതമായി സ്വദേശങ്ങളിലേക്ക് എത്തിച്ചു തുടങ്ങി. കനേഡിയന്‍ പൗരന്മാരെയും കൊണ്ട് കഴിഞ്ഞ ദിവസം ഖത്തര്‍ എയര്‍വേയ്‌സിന്റെ 18-ാമത്തെ വിമാനമാണ് ഇന്ത്യയിലെ അമൃത്‌സര്‍ വിമാനത്താവളത്തില്‍ നിന്നും ദോഹ വഴി കാനഡയിലേക്ക് പറന്നത്. കനേഡിയന്‍ പൗരന്മാര്‍ക്കായി വരും ദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തും. ഇന്ത്യയിലെ കനേഡിയന്‍ എംബസി ഹൈ കമ്മീഷന്‍ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

പാക്കിസ്ഥാനില്‍ നിന്ന് ഏകദേശം 3,000 ബ്രിട്ടീഷ് പൗരന്മാരേയും ഖത്തര്‍ എയര്‍വേയ്‌സ് യുകെയില്‍ എത്തിച്ചു കഴിഞ്ഞു. കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി ആഗോള തലത്തില്‍ വിമാനങ്ങള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത് മുതല്‍ വിവിധ രാജ്യങ്ങളില്‍ കഴിഞ്ഞിരുന്ന ഖത്തരി പൗരന്മാരെ ഖത്തര്‍ എയര്‍വേയ്‌സ് ദോഹയിലേക്ക് തിരികെ എത്തിച്ചിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ കഴിഞ്ഞിരുന്ന ഒമാന്‍ സ്വദേശികളായ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ അവരുടെ സ്വദേശങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് സുരക്ഷിതമായി എത്തിച്ചു കൊണ്ടിരിക്കുകയാണ്. ലണ്ടന്‍, പാരിസ്, ഫ്രാങ്ക്ഫര്‍ട്, സിഡ്‌നി തുടങ്ങി 35 ഓളം വിമാനത്താവളങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് നിലവില്‍ സര്‍വീസ് നടത്തുന്നുണ്ട്.