കുവൈത്തില്‍ ഇഖാമയും സന്ദര്‍ശക വീസയും 3 മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ച് നല്‍കാന്‍ തീരുമാനം.നേരത്തെ നല്‍കിയ സൗകര്യം 31ന് അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം. സെപ്റ്റംബര്‍ 1 മുതല്‍ 3 മാസത്തേക്കാണു കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുള്ളത്. കോവിഡ് പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ ഇല്ലാതായതിനെ തുടര്‍ന്ന് അനേകം വിദേശികള്‍ കുവൈത്തിലേക്ക് തിരിച്ചുവരാനാകാതെ അവരുടെ രാജ്യങ്ങളില്‍ കുടുങ്ങിയിരുന്നു.
സന്ദര്‍ശക വീസയില്‍ കുവൈത്തിലുണ്ടായിരുന്ന പലര്‍ക്കും സ്വദേശത്തേക്ക് തിരിച്ചുപോകാനും സാധിച്ചില്ല. ആ സാഹചര്യത്തിലാണ് ഇഖാമയും സന്ദര്‍ശക വീസയും ഓഗസ്റ്റ് 31വരെ കാലാവധി നീട്ടിനല്‍കിയത്. സന്ദര്‍ശക വീസ യാന്ത്രികമായി ദീര്‍ഘിപ്പിച്ചുവെങ്കിലും ഇഖാമ പുതുക്കുന്നതിന് സ്പോണ്‍സര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കണമെന്ന് വ്യവസ്ഥയുണ്ട്.