കുവൈത്ത് സിറ്റി: കുവൈത്തിന്റെ പുതിയ കിരീടാവകാശി നാഷണല്‍ ഗാര്‍ഡ് ഉപമേധാവി ശൈഖ് മിശാല്‍ അല്‍ അഹ്മദ് അല്‍ ജബീര്‍ അല്‍ സബാഹിനെ നിയമിച്ച്‌ അമീരി ഉത്തരവ്. ബുധനാഴ്ചയാണ് ഉത്തരവിറങ്ങിയത്. യുഎസ് സഖ്യകക്ഷിയായ ഒപെക് അംഗരാജ്യത്തിന്റെ കിരീടാവകാശിയായി ശെഖ് മിശ്‌അല്‍ അല്‍ സബാഹിനെ നിയമിച്ച വിവരം ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

അന്തരിച്ച കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെയും പുതിയ അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെയും സഹോദരനാണ് ശൈഖ് മിശ്‌അല്‍. നാഷണല്‍ ഗാര്‍ഡ് ഡെപ്യൂട്ടി ചീഫ് സ്ഥാനം വഹിച്ചിരുന്ന ശൈഖ് മിശ്‌അല്‍ 1967-1980 കാലഘട്ടത്തില്‍ ജനറല്‍ ഇന്‍വെസ്റ്റിഗേഷന്‍ മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.