തിരുവനന്തപുരം വ്യത്യസ്തമായ പുതിയ അധ്യായന വര്‍ഷത്തിനാണ് നാളെ തുടക്കമാകുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ കുട്ടികള്‍ വിദ്യാലയങ്ങളില്‍ എത്താതെയാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. ടെലിവിഷന്‍ ചാനല്‍ വഴി ജൂണ്‍ ഒന്നിന് തന്നെ അധ്യായന വര്‍ഷം തുടങ്ങാനാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം. മറ്റന്നാള്‍ സര്‍വകലാശാല പരീക്ഷകള്‍ക്കും തുടക്കമാകുകയാണ്.

സംസ്ഥാനത്തിന്‍റെ ചരിത്രത്തിലാദ്യമായാണ് വിദ്യാലയങ്ങള്‍ ഉറങ്ങി കിടക്കുന്ന പഠന വര്‍ഷത്തിന് തുടക്കമാകുന്നത്. മഴ നനഞ്ഞും പുത്തനുടുപ്പിട്ടും കുട്ടികള്‍ സ്കൂളുകളിലേക്ക് എത്തില്ല. കൊറോണ ഭീതി ഒഴിഞ്ഞിട്ടില്ലെങ്കിലും പേരിനെങ്കിലും പഠനം ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം. ഇന്‍റര്‍നെറ്റും സ്മാട്ട് ഫോണും ലാപ്ടോപ്പും ഇല്ലാത്തവരുടെ എണ്ണം ആയിരങ്ങള്‍ ആയതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാനും സാധിക്കില്ല.

വിക്ടേഴ്സ് ചാനലിലൂടെയാകും ക്ലാസുകള്‍ കുട്ടികളിലേക്ക് എത്തിക്കുക. എസ്‌എസ്‌എല്‍സി ഹയര്‍സെക്കഡറി പരീക്ഷകള്‍ പൂര്‍ത്തിയാക്കാനായതോടെ മൂല്യ നിര്‍ണയ ക്യാമ്ബകളും നാളെ മുതല്‍ ആരംഭിക്കും. ജൂണ്‍ രണ്ടാം തീയതി കേരള സര്‍വകലാശാലയുടെ പരീക്ഷകള്‍ക്ക് തുടക്കമാകുകയാണ്. മറ്റ് സര്‍വകലാശാലകളും ജൂണ്‍ ജൂലൈ മാസങ്ങളിലായി പരീക്ഷകള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങാന്‍ എല്ലാ കോളേജുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇത് എത്ര പ്രാവര്‍ത്തികമാകുമെന്ന സംശയം അധ്യാപകര്‍ക്ക് ഉണ്ട്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇന്‍റര്‍നെറ്റ് കണക്ഷനും, ലാപ്ടോപ്പും സ്മാര്‍ട്ട്ഫോണും ഉണ്ടാകുക എന്നത് ഉറപ്പിക്കാന്‍ സാധിക്കില്ല. അതിനാല്‍ ഓണ്‍ലൈന്‍ ക്ലാസ് പേരിന് തുടങ്ങാമെന്നേ ഉള്ളു.

സ്കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ സംസ്ഥാനത്തിന് തീരുമാനമെടുക്കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ടെങ്കിലും കൊറോണ ഭീതി ഒഴിയാത്തതിനാല്‍ ഉടന്‍ ക്ലാസുകള്‍ ആരംഭിച്ചേക്കില്ല.