കുട്ടികളിലെ ആത്മഹത്യ നിരക്ക് സംസ്ഥാനത്ത് വര്‍ധിക്കുന്നുവെന്ന് സര്‍ക്കാര്‍ സമിതിയുടെ പഠന റിപ്പോര്‍ട്ട്. ഡിജിപി ആര് ശ്രീലേഖ അധ്യക്ഷയായ സര്‍ക്കാര്‍ സമിതിയുടേതാണ് പഠന റിപ്പോര്‍ട്ട്. ജീവിതത്തിലെ നിസാര പ്രശ്നങ്ങളെപോലും അഭിമുഖീകരിക്കാന്‍ കുട്ടികള്‍ക്ക് സാധിക്കുന്നില്ലെന്ന് പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. ആത്മഹത്യക്ക് ശ്രമിക്കുന്നവരില്‍ ഏറെയും പെണ്‍കുട്ടികളാണ്.
ലോക്ക്ഡൗണിന് രണ്ട് മാസം മുന്‍പ് മുതല്‍ ജൂലൈ വരെയുള്ള കണക്കുകളാണ് സമിതി പരിശോധനയ്ക്കായി പരിഗണിച്ചത്. ഈ കാലയളവില്‍ 158 കുട്ടികള്‍ ആത്മഹത്യ ചെയ്തതില്‍ 90 പേരും പെണ്‍കുട്ടികളാണ്. പതിനഞ്ച് വയസിനും പതിനെട്ട് വയസിനും ഇടയിലുള്ള കുട്ടികളാണ് ആത്മഹത്യ ചെയ്തതില്‍ 148 പേരും. ഇതില്‍ തന്നെ 71 പേരും പെണ്‍കുട്ടികളാണ്. ലൈംഗിക അതിക്രമവും പ്രണയനൈരാശ്യവുമാണ് ജീവനൊടുക്കാന്‍ ഭൂരിഭാഗം പെണ്‍കുട്ടികള്‍ക്കും പ്രേരണായത്. ആത്മഹത്യ ചെയ്ത 158 കുട്ടികളില്‍ 132 പേരും അണുകുടുംബങ്ങളില്‍ നിന്നുള്ളവരാണ്. മാതാപിതാക്കളടക്കം ശകാരിച്ചതിനാണ് ഏറ്റവും കൂടുതല്‍ പേരും ജീവനൊടുക്കിയത്. ജീവിതത്തില്‍ നിസാര പ്രശ്നങ്ങളില്‍ പോലും മാനസികമായി തളര്‍ന്നു പോകുന്ന നിലയിലാണ് കുട്ടികളില്‍ കാണാനാകുന്നതെന്നും ഇത് ഗൗരവമായി കാണേണ്ട വിഷയമാണെന്നും സമിതി വിലയിരുത്തി.