ഇന്ത്യക്കെതിരായ ടി-20 പരമ്പരയിൽ നിന്ന് ഓസീസ് പേസ് ബൗളർ മിച്ചൽ സ്റ്റാർക്ക് പിന്മാറി. കുടുംബപരമായ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് സ്റ്റാർക്കിൻ്റെ പിന്മാറ്റം. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ഇക്കാര്യം അറിയിച്ചത്. സ്റ്റാർക്ക് എന്ന് ടീമിൽ തിരികെ ജോയിൻ ചെയ്യുമെന്നതിനെപ്പറ്റി വ്യക്തതയില്ല.

കുടുംബത്തിലെ ഒരു അംഗത്തിന് അസുഖം ബാധിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് സ്റ്റാർക്ക് ടീം വിട്ടതെന്നാണ് സൂചന. രണ്ടാം ടി-20ക്കായി കാൻബറയിൽ നിന്ന് സിഡ്നിയിലെത്തിയ താരം അവിടെ നിന്നാണ് ബയോബബിളിൽ നിന്ന് പുറത്തുകടന്ന് നാട്ടിലേക്ക് പോകുന്നത്. “കുടുംബത്തെക്കാൾ പ്രാധ്യാന്യമുള്ള മറ്റൊന്നും ഇല്ല. സ്റ്റാർക്കിൻ്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. നിങ്ങൾ അദ്ദേഹത്തിനു സമയം നൽകും. എപ്പോൾ ടീമിലേക്ക് വരണമെന്ന് അദ്ദേഹത്തിന് തോന്നുന്നുവോ അപ്പോൾ അദ്ദേഹത്തിനു സ്വാഗതം.”- പരിശീലകൻ ജസ്റ്റിൻ ലാംഗർ പറഞ്ഞു.

 

സ്റ്റാർക്കിൻ്റെ അഭാവത്തിൽ ആന്ദ്രൂ തൈയോ പുതുമുഖം ഡാനിയൽ സാംസോ ഇന്ന് നടക്കുന്ന രണ്ടാം ടി-20യിൽ കളിച്ചേക്കും. ആദ്യ ടി-20ക്കിടെ പരുക്കേറ്റ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഇന്ന് കളിക്കുമോ എന്നതിലും വ്യക്തതയില്ല. ഡേവിഡ് വാർണർ, ആഷ്ടൺ അഗാർ, മാർക്കസ് സ്റ്റോയിനിസ്, മിച്ചൽ മാർഷ് എന്നിവർക്ക് നേരത്തെ പരുക്കേറ്റിരുന്നു.

ആദ്യ ടി-20 മത്സരത്തിൽ ഇന്ത്യ 11 റൺസിന് വിജയിച്ചിരുന്നു. ഏകദിന പരമ്പര 1-2ന് ഇന്ത്യക്ക് നഷ്ടപ്പെട്ടിരുന്നു.