ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സുപ്രീം കോടതി. സംസ്ഥാനങ്ങളും കേന്ദ്രവും ജനങ്ങളെ സഹായിക്കാന്‍ എന്താണ് ചെയ്തതെന്ന് കോടതി ചോദിച്ചു.
അന്യസംസ്ഥാന തൊഴിലാളികള്‍ രജിസ്‌ട്രേഷന് ശേഷം നാട്ടിലേക്ക് പോകാന്‍ വൈകുന്നത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി ചോദിച്ചു. അവരോട് യാത്രയ്ക്ക് പണം ആവശ്യപ്പെട്ടിരുന്നോ? സംസ്ഥാനങ്ങള്‍ പണം നല്‍കുന്നുണ്ടോ എന്നും കോടതി ചോദിച്ചു. തൊഴിലാളി പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രം നടപടി സ്വീകരിച്ചുവെന്നതില്‍ കോടതിക്ക് തര്‍ക്കമില്ല. എന്നാല്‍ സഹായം ആവശ്യമുള്ളവര്‍ക്ക് അത് ലഭിച്ചിട്ടില്ല. സംസ്ഥാനങ്ങളും ഒന്നും ചെയ്യുന്നില്ല. ടിക്കറ്റ് നിരക്കില്‍ വ്യക്തതയില്ലെന്നും കോടതി പറഞ്ഞു.
കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയോട് ഏകദേശം 50 ചോദ്യങ്ങളാണ് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് ചോദിച്ചത്. ജസ്റ്റിസ് അശോക് ഭൂഷന്‍, ജസ്റ്റിസ് സഞ്ചയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എംആര്‍ ഷ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്.
മെയ് ഒന്ന് മുതല്‍ 91 ലക്ഷം കുടിയേറ്റത്തൊഴിലാളികളെ ശ്രമിക് പ്രത്യേക ട്രെയിനുകളില്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് തിരിച്ചെത്തിച്ചുവെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ അവസാന തൊഴിലാളിയും തിരിച്ചുപോവുന്നതുവരെ തുടരുമെന്നും തുഷാര്‍ മെഹ്ത വ്യക്തമാക്കി.
എല്ലാവരേയും ഒന്നിച്ച് കൊണ്ടുപോവാനാവില്ലെന്ന പ്രശ്‌നം ഞങ്ങള്‍ അംഗീകരിക്കുന്നു. എന്നാല്‍ യാത്ര ഉറപ്പാവുന്നതുവരെ എല്ലാവര്‍ക്കും ഭക്ഷണവും താമസസൗകര്യവും നല്‍കണം. എഫ്‌സിഐ ഗോഡൗണുകളില്‍ ഭക്ഷ്യധാന്യം കെട്ടിക്കിടന്നിട്ടും എന്തുകൊണ്ട് തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല. തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാന്‍ കൃത്യമായ സംവിധാനം വേണം. തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ എത്ര സമയം വേണമെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.
സാമൂഹ്യപ്രവര്‍ത്തക മേധാ പട്കര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഒട്ടേറെ ഹര്‍ജികളാണ് കുടിയേറ്റത്തൊഴിലാളി പ്രശ്‌നത്തില്‍ കോടതിയുടെ പരിഗണനയ്‌ക്കെത്തിയത്. കോടതിയില്‍ ഇപ്പോഴും വാദം തുടരുകയാണ്.