കോവിഡ് ബാധയുണ്ടാകുമെന്ന പേടിയും, ജീവിതമാര്‍ഗം നഷ്ടപ്പെടുമെന്ന പരിഭ്രാന്തിയുമാണ്, കുടിയേറ്റ തൊഴിലാളികളെ സ്വദേശങ്ങളിലെയ്ക്ക് മടങ്ങാന്‍ പ്രേരിപ്പിക്കുന്ന പ്രധാന കാരണങ്ങളെന്ന് ആഭ്യന്തരമന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ അറിയിപ്പിലാണ് മന്ത്രാലയം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന ദുരിതങ്ങള്‍ ലഘൂകരിക്കണമെങ്കില്‍, സംസ്ഥാനഭരണകൂടങ്ങള്‍ കേന്ദ്രവുമായി ചേര്‍ന്ന് നിരവധി നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും മന്ത്രാലയം അറിയിപ്പില്‍ പറയുന്നു.

ബസുകള്‍, തീവണ്ടികള്‍ എന്നിവ പുറപ്പെടുന്നതിനെപ്പറ്റിയുള്ള വ്യക്തതയില്ലായ്മയും, ഊഹാപോഹങ്ങളും കുടിയേറ്റത്തൊഴിലാളികള്‍ക്കിടയില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ഉറപ്പാക്കണം

കുടിയേറ്റ തൊഴിലാളികള്‍ കാല്‍നടയായി സഞ്ചരിക്കുന്നു എന്നുറപ്പുള്ള പാതകളില്‍, വിശ്രമകേന്ദങ്ങള്‍ സജ്ജമാക്കണം. ശുചിമുറി, ഭക്ഷണം, ആരോഗ്യപാലനം എന്നിവയ്ക്കുള്ള സംവിധാനങ്ങളും ഇവിടങ്ങളില്‍ ഉറപ്പാക്കണം. കാല്‍നടയായി സഞ്ചരിക്കുന്ന കുടിയേറ്റതൊഴിലാളികളെ വിശ്രമകേന്ദ്രങ്ങള്‍, ബസ് ടെര്‍മിനലുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവയില്‍ ജില്ലാ ഭരണകൂടങ്ങള്‍ എത്തിക്കണം. ഇതിനായി പ്രത്യേക യാത്രാസംവിധാനം ഉറപ്പാക്കണം

കുടിയേറ്റ തൊഴിലാളികളില്‍ തന്നെ, സ്ത്രീകള്‍, കുട്ടികള്‍, വയോജനങ്ങള്‍ എന്നിവരുടെ ആവശ്യങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം

ക്വാറന്റീനെ സംബന്ധിച്ച്‌ തൊഴിലാളികള്‍ക്കുള്ള തെറ്റിദ്ധാരണകള്‍ ദൂരീകരിക്കാന്‍, വിശ്രമകേന്ദ്രങ്ങളില്‍ ഗവണ്‍മെന്റിതര സംഘടനാ പ്രതിനിധികളുടെ പങ്കാളിത്തം ജില്ലാഭരണകൂടങ്ങള്‍ ഉറപ്പാക്കണം. അതാത് സ്ഥലങ്ങളില്‍ തന്നെ തുടരാന്‍ തൊഴിലാളികളെ പ്രേരിപ്പിക്കാനും ഇവര്‍ ശ്രദ്ധിക്കണം. കുടിയേറ്റതൊഴിലാളികളുടെ വിലാസം, ബന്ധപ്പെടേണ്ട ഫോണ്‍ നമ്ബര്‍ എന്നിവ ഉള്‍പ്പെടുന്ന പട്ടിക തയ്യാറാക്കണം. ഭാവിയില്‍ രോഗ സമ്ബര്‍ക്കമുള്ളവരെ കണ്ടെത്തുന്നതിന് ഇത് സഹായിക്കും.ഒരു കുടിയേറ്റതൊഴിലാളിപോലും, റോഡ് മാര്‍ഗമോ, റെയില്‍ പാതകള്‍ വഴിയോ കാല്‍നടയായി നാട്ടിലേക്ക് മടങ്ങുന്നില്ലെന്ന് ജില്ലാഭരണകൂടങ്ങള്‍ ഉറപ്പാക്കണമെന്ന്, അറിയിപ്പില്‍ വ്യക്തമാക്കുന്നു.