ഭോപ്പാല്‍ : ട്രെയിനില്‍ അമ്മയ്ക്കൊപ്പം യാത്ര ചെയ്യുന്ന കുഞ്ഞിന് പാലുമായി ട്രെയിനിന് പിന്നാലെ പാഞ്ഞ് റെയില്‍വെ പൊലീസ് ഉദ്യോഗസ്ഥന്‍ . ശ്രമിക് ട്രെയിനിലെ യാത്രക്കാരായ അഭയാര്‍ഥി ദമ്ബതികളുടെ നാലുമാസം പ്രായമായ കുഞ്ഞിന് പാല്‍ എത്തിച്ച് നല്‍കിയ പൊലീസ് ഉദ്യോഗസ്ഥനെ റെയില്‍ മന്ത്രി പിയൂഷ് ഗോയല്‍ പ്രശംസിച്ചു . ഭോപ്പാലിലെ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ആയ ഇന്ദര്‍ സിംഗ് യാദവ് ആണ് കേന്ദ്രമന്ത്രിക്കൊപ്പം സോഷ്യല്‍ മീഡിയയുടെയും കൈയ്യടി നേടിയത് . ധീരനായ ഈ പൊലീസ് ഉദ്യോഗസ്ഥന് സമ്മാനത്തുകയും മന്ത്രി പ്രഖ്യാപിച്ചു .
‘ഒരു കുഞ്ഞിന് പാല് എത്തിക്കുന്നതിനായി അഭിനന്ദനം അര്‍ഹിക്കുന്ന ഒരു പ്രവൃത്തി തന്നെയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്.. അദ്ദേഹത്തിന്‍റെ ഈ സദ്പ്രവര്‍ത്തിക്ക് ആദരവായി പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട് എന്നായിരുന്നു റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞത് .
മെയ് 31നായിരുന്നു പ്രശംസയ്ക്കരഹമായ സംഭവം നടന്നത് . ശ്രമിക് ട്രെയിനിലെ ബെല്‍ഗാമില്‍ നിന്ന് ഗോരഖ്പുരിലേക്ക് യാത്ര ചെയ്യുകയായിരുന്ന ശരീഫ് ഹഷ്മി ഭര്‍ത്താന് ഹസീന്‍ ഹഷ്മി എന്നിവരുടെ കുഞ്ഞിനാണ് യാദവ് പാല്‍ എത്തിച്ചത് . പാല് കിട്ടാത്തതിനെ തുടര്‍ന്ന് നിര്‍ത്താതെ കരയുകയായിരുന്നു കുഞ്ഞ്. ഇതിനിടെ ഭോപ്പാല്‍ സ്റ്റേഷനിലെത്തിയപ്പോള്‍ കുട്ടിയുടെ അമ്മ ആര്‍പിഎഫ് ഉദ്യോഗസ്ഥനായ യാദവിന്‍റെ സഹായം തേടി . യാദവ് സ്റ്റേഷന് പുറത്ത് പോയി പാല് വാങ്ങിയെത്തിയപ്പോഴേക്കും ട്രെയിന്‍ നീങ്ങിത്തുടങ്ങിയിരുന്നു . എന്നാല്‍ മനുഷ്യത്വം കൈവിടാത്ത ധീരനായ ആ ഉദ്യോഗസ്ഥന്‍ ഓടുന്ന ട്രെയിനിന് പുറകിലോടി പാല് ആ കുഞ്ഞിന്‍റെ അമ്മയുടെ കൈകളിലെത്തിച്ചു നല്‍കി എന്നാണ് റെയില്‍വെ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. സംഭവം മുഴുവന്‍ റെയില്‍വെ പ്ലാറ്റ്ഫോമിലെ സിസിറ്റിവിയില്‍ പതിയുകയും ദൃശ്യങ്ങള്‍ വൈറലാവുകയും ചെയ്തതതോടെയാണ് എല്ലാവരും ഇത് അറിയുന്നത്.
ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ സഹായിക്കാനെത്തും മുമ്ബ് പാല്‍ കണ്ടെത്താനാകാതെ കുഞ്ഞിന് വെള്ളവും ബിസ്കറ്റുമാണ് നല്‍കിയിരുന്നതെന്ന് ഹാഷ്മി പറഞ്ഞു. നിങ്ങളാണ് തങ്ങളുടെ ജീവിതത്തിലെ “യഥാര്‍ത്ഥ ഹീറോ” എന്നും അവര്‍ പറഞ്ഞു . നിരവധി പേരാണ് അദ്ദേഹത്തെ പ്രശംസിച്ച് രംഗത്തെത്തിയത് .