കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾ കേരളത്തിൽ നടപ്പാക്കില്ലെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ. നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കാർഷിക നിയമങ്ങൾക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾ സർക്കാർ അഡ്വക്കേറ്റ് ജനറലിന് നൽകി. ഇൗ ആഴ്ച തന്നെ സുപ്രിംകോടതിയെ സമീപിക്കാനാണ് സർക്കാരിന്റെ തീരുമാനം. സംസ്ഥാനത്തിനെതിരെ കേന്ദ്രസർക്കാർ എന്ത് നടപടി സ്വീകരിച്ചാലും നേരിടുമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽ കേന്ദ്രസർക്കാർ ഇടപെടുകയാണ്. കേന്ദ്രസർക്കാർ ഏകപക്ഷീയമായി നിയമ നിർമാണം നടത്തുകയാണെന്നും അത് സംസ്ഥാനങ്ങളിൽ നടപ്പിലാക്കാൻ ഉദ്യോ​ഗസ്ഥർക്ക് മേൽ സമ്മർദം ചെലുത്തുകയാണെന്നും സുനിൽകുമാർ കുറ്റപ്പെടുത്തി.