കാസര്‍കോട്: ജില്ലയില്‍ വീണ്ടും കൊവിഡ് 19 പടരുന്ന സൂചനയെ തുടര്‍ന്ന് കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ പൊലീസ് അതീവ ജാഗ്രതയില്‍. പൊതു പ്രവര്‍ത്തകന് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ക്വാറന്റീനില്‍ പോയി. ഇയാള്‍ മൂന്ന് തവണ കാന്‍സര്‍ രോഗിയുമായി എത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയ ലാബ്, എക്‌സ്‌റേ റൂം എന്നിവയുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി. ജില്ലാ ആശുപത്രിയിലെ എക്സ്റേ ടെക്‌നീഷ്യനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. അതേസമയം ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ജില്ലാ ഭരണകൂടം കരുതുന്നില്ല. സമ്ബൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഉണ്ടായത് കാരണം പൊതുപ്രവര്‍ത്തക ദമ്ബതികള്‍ വ്യാപകമായി ഇറങ്ങി നടന്നിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്.

പൈവളികെ പഞ്ചായത്ത്‌ ഓഫീസിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. കൂടുതല്‍ പേരെ നിരീക്ഷണത്തില്‍ ആക്കേണ്ടിവരും എന്നാണ് കരുതുന്നത്. റൂട്ട് മാപ് തയ്യാറാക്കുന്നത് വെല്ലുവിളി ആയിരിക്കുമെന്ന് ആരോഗ്യ പ്രവര്‍ത്തകരും പറയുന്നു. പൈവളികെ, മംഗല്‍പാടി, കുമ്ബള പഞ്ചായത്ത് പരിധികള്‍ ഹോട്ട്സ്പോട്ട് ഏരിയയായി പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസ് ഈ ഭാഗങ്ങളില്‍ മൈക്ക് പ്രചരണം നടത്തുന്നുണ്ട്. മാസ്ക്ക് ധരിക്കാനും പുറത്തിറങ്ങുന്നത് കുറയ്ക്കണമെന്നും പൊലീസ് വിളിച്ചു പറയുന്നുണ്ട്.