കടുവ യുവാവിനെ കടിച്ചുകൊന്ന പത്തനംതിട്ടയില്‍ വിവിധയിടങ്ങളില്‍ കടുവയെ കണ്ടെന്ന നാട്ടുകാരുടെ വാദം തെറ്റാകാമെന്ന് വനംവകുപ്പ്. മേടപ്പാറ പ്ലാന്‍റേഷനിലെ ടാപ്പിങ് തൊഴിലാളിയെ കൊന്ന കടുവയെ പിന്നീട് സമീപത്തെ മറ്റ് മേഖലകളിലും കണ്ടതായി നാട്ടുകാര്‍ പറയുന്നു. കണ്ടവര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കടുവയുടെ കാല്‍പ്പാടുകള്‍ പോലും കണ്ടെത്താനായില്ല.

ടാപ്പിങിന് പോകുന്നവരും മറ്റാവശ്യങ്ങള്‍ക്കായി പറമ്ബിലും തോട്ടത്തിലുമൊക്കെ പോകുന്നവര്‍ കടുവയെ കണ്ടതായി വിവരമറിയിച്ചെങ്കിലും വനംവകുപ്പിന് കടുവയുടെ കാല്‍പ്പാട് പോലും കണ്ടെത്താന്‍ സാധിച്ചില്ല. ഇക്കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ കടുവയെ കണ്ടതായി പറയുന്ന മേഖലകളിലെങ്ങും- നനവുളള മണ്ണായിരുന്നിട്ടുകൂടി കാല്‍പ്പാടുകള്‍ പോലും ഇല്ല എന്നതും വനംവകുപ്പിനെ കുഴക്കുന്നുണ്ട്. ചിലയിടത്ത് മ്ലാവിന്‍റെയും മറ്റ് ചിലയിടത്ത് കാട്ട് പന്നികളുടെയും കാല്‍പ്പാടുകള്‍ മാത്രമാണ് വനം വകുപ്പിന് കണ്ടെത്താനായത്. നാട്ടുകാരുടെ കടുവാ പേടിയാണ് അവാസ്തവമായ കടുവ വാര്‍ത്തകള്‍ക്ക് പിന്നിലെന്നും ആരോപണമുണ്ട്. എന്നാല്‍, പ്രദേശത്ത് അവസാനം കടുവയെ കണ്ടു എന്ന് പറയുന്നവരെല്ലാം കണ്ടത് കടുവ തന്നെയാണെന്നാണ് ഉറപ്പിച്ചു പറയുന്നത്. അതെ സമയം തണ്ണിത്തോട്ടില്‍ വനപാലക്കാരടക്കം കടുവയെ നേരിട്ടു കണ്ടിരുന്നു. കടുവയെ കുരുക്കാന്‍ സര്‍വ സന്നാഹവുമായി വനം വകുപ്പിന്‍റെ പ്രത്യേക സംഘം മേഖലയില്‍ ക്യാമ്ബ് ചെയ്യുകയാണ്.