എറണാകുളം : പറവൂരില്‍ നായയെ കാറിന് പിന്നില്‍ കെട്ടിവലിച്ച്‌ വാഹനം ഓടിച്ച ഡ്രൈവര്‍ യൂസഫ് അറസ്റ്റില്‍. വീട്ടില്‍ വളര്‍ത്തിയ നായയെ താന്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ചതാണെന്നും കാറിനുള്ളില്‍ നായ കയറാതെ വന്നപ്പോള്‍ കാറിനു പിന്നില്‍ കെട്ടിയിട്ടു വലിച്ചു എന്നും ചോദ്യംചെയ്യലില്‍ യൂസഫ് സമ്മതിച്ചു.

മിണ്ടാപ്രാണിയോട് ക്രൂരത കാട്ടിയ യൂസഫിന്റെ ലൈസന്‍സ് റദ്ദാക്കണമെന്ന് ഗതാഗതമന്ത്രി ഉത്തരവിട്ടിരുന്നു. തൊട്ടുപിന്നാലെ യൂസഫിനെ പോലീസ് കസ്റ്റഡിയിലെടുത്തു. യൂസഫ് ഓടിച്ച വാഹനം മോട്ടോര്‍ വാഹന വകുപ്പ് പോലീസിനു കൈമാറിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉന്നത അധികാരികള്‍ അറിയിച്ചു.

വെള്ളിയാഴ്ച വൈകുന്നേരം നെടുമ്ബാശ്ശേരി പറവൂര്‍ റോഡിലെ ചാലാക്കയിലാണ് അതി ക്രൂരമായ സംഭവം അരങ്ങേറിയത്. കാറിന്റെ ഡിക്കിയില്‍ കയറുകൊണ്ട് ബന്ധിച്ച്‌ റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടു പോവുകയായിരുന്നു. നായയെ റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ അഖില്‍ എന്ന ചെറുപ്പക്കാരന്‍ കാറിനെ തടഞ്ഞു നിര്‍ത്തി ഡ്രൈവറോട് കെട്ടഴിച്ചുവിടാന്‍ പറഞ്ഞു. എന്നാല്‍, യൂസഫ് അഖിലിനോട് കയര്‍ക്കുകയും അഖിലിന്റെ നിര്‍ബന്ധപ്രകാരം മറ്റൊരു വഴിയും ഇല്ലാതെ നായെ കെട്ടഴിച്ചു വിടുകയും ആയിരുന്നു. പിന്നീട് ഡ്രൈവര്‍ മുങ്ങി.

റോഡിലൂടെ ഉരഞ്ഞ് ശരീരമാസകലം മുറിവേറ്റ ചോരപൊടിയുന്ന നിലയിലായിരുന്നു നായ. നായയെ ക്രൂരമായി കാറിനു പിന്നില്‍ കെട്ടിയിട്ട് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പിന്നീട് സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വന്‍ പ്രതിഷേധം ഉയര്‍ന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ചെങ്ങമനാട് പോലീസ് കാര്‍ നമ്ബര്‍ കണ്ടെത്തി ഡ്രൈവറെ പിടികൂടുകയായിരുന്നു. ഒരു സന്നദ്ധ സംഘടന നായയെ ഏറ്റെടുക്കാന്‍ തയ്യാറായി മുന്നോട്ടു വന്നിട്ടുണ്ട്