എയർ ഇന്ത്യയുടെ രക്ഷാപ്രവർത്തനത്തെ അഭിനന്ദിച്ച് വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്ത്യൻ പൗരന്മാരേയും ഉദ്യോഗസ്ഥരേയും നാട്ടിലേക്ക് എത്തിച്ച നടപടിയെയാണ് ജ്യോതിരാദിത്യ സിന്ധ്യ അഭിനന്ദിച്ചത്. വ്യോമസേനാ വിമാനങ്ങൾക്കൊപ്പമാണ് എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങളും കാബൂൾ വിമാനത്താവളത്തിൽ നിന്നും ഉദ്യോഗസ്ഥരുമായി എത്തിയത്.

അഫ്ഗാനിലെ വ്യോമപാത അടയ്‌ക്കുന്നത് വരെ എല്ലാ ദിവസവും മുടക്കമില്ലാതെയാണ് എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങളാണ് സേവനം നടത്തിയത്. നിയന്ത്രണം വന്നതോടെ വിമാനത്താവളം അമേരിക്കയുടെ നിയന്ത്രണത്തിലായി. തുടർന്ന് വ്യോമസേനയുടെ സി130 ഹെർക്കുലീസ് ഗ്ലോബ് മാസ്റ്റർ വിമാനമാണ് രക്ഷാപ്രവർത്തന ദൗത്യം ഏറ്റെടുത്തത്. അതിന് മുമ്പ് 130 മുതൽ 150 വരെ യാത്രക്കാരെ പ്രതിദിനം മടക്കിക്കൊണ്ടുവന്നത് എയർ ഇന്ത്യാ വിമാനത്തിലായിരുന്നു.

കൊവിഡ് മഹാമാരിയുടെ ആരംഭം മുതൽ ലോകത്തെമ്പാടുമുള്ള ഏകദേശം 71 ലക്ഷം ഇന്ത്യൻ വംശജരെ നാട്ടിലെത്തിച്ച എയർ ഇന്ത്യയുടെ പരിശ്രമം ലോകത്തിന് മാതൃകയാണെന്ന് ജ്യോതിരാദിത്യ സിന്ധ്യ അഭിപ്രായപ്പെട്ടു. ഏകദേശം 55 ലക്ഷം വിദേശ പൗരന്മാരെ അവരവരുടെ നാട്ടിൽ തിരികെ എത്തിക്കാൻ സാധിച്ചതും സിന്ധ്യ കൂട്ടിച്ചേർത്തു.