ലോസ് ആഞ്ചലസ്: ‘‘കര്‍ത്താവേ എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഒരുപകരണമാക്കണമേ” എന്ന വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയുടെ പ്രശസ്തമായ സമാധാന പ്രാര്‍ത്ഥന വ്യത്യസ്ഥമായ രീതിയില്‍ അവതരിപ്പിച്ച അമേരിക്കന്‍ സന്യാസിനികളുടെ വീഡിയോ തരംഗമാകുന്നു. ലോസ് ഏഞ്ചലസിലെ ഫ്രറ്റേര്‍ണിറ്റി പുവര്‍ ഓഫ് ജീസസ് സന്യാസിനി സഭാംഗങ്ങളായ മൂന്നു സന്യാസിനികള്‍ കപ്സ് സോങ്ങിന്റെ ഈണത്തിലും താളത്തിലും അവതരിപ്പിക്കുന്ന വീഡിയോയാണ് നവമാധ്യമങ്ങളില്‍ വൈറലാകുന്നത്.
മൂന്ന് കപ്പുകള്‍ ഉപയോഗിച്ചു ഹൃദ്യവും സവിശേഷവുമായ താളത്തില്‍ വിശുദ്ധ ഫ്രാന്‍സിസിന്റെ പ്രാര്‍ത്ഥന ആലപിക്കുന്ന വീഡിയോ ഫ്രറ്റേര്‍ണിറ്റി പുവര്‍ ഓഫ് ജീസസ് സഭയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. അഞ്ചു ലക്ഷത്തോളം പേര് കണ്ട വീഡിയോ ഒന്‍പതിനായിരത്തിലധികം പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.
ലോസ് ആഞ്ചലസ് അതിരൂപത വൈദികനായ ഫാ. ഗോയോ ഹിദാല്‍ഗോ ട്വിറ്ററില്‍ ഇത് പങ്കുവെച്ചതോടെയാണ് മാധ്യമ ശ്രദ്ധ നേടുവാന്‍ തുടങ്ങിയത്. ഇദ്ദേഹത്തിന്റെ പേജില്‍ മാത്രം ഇതിനോടകം തന്നെ 1,45,000 പേരാണ് ഈ വീഡിയോ കണ്ടത്. ഏതാണ്ട് നാലായിരത്തോളം ലൈക്കുകളും, എണ്ണൂറു റീട്വീറ്റുകളും ഈ വീഡിയോ നേടിക്കഴിഞ്ഞു. “സിസ്റ്റേഴ്സിന്റെ ആനന്ദവും, കഴിവും കണ്ട് എനിക്ക് ചിരി നിര്‍ത്തുവാന്‍ കഴിയുന്നില്ല. അവരുടെ പരിശീലനമാണ് ഏറ്റവും രസകരം” എന്നാണ് വീഡിയോക്ക് ഫാ. ഗോയോ നല്‍കിയിരിക്കുന്ന തലക്കെട്ട്.