കൊല്‍ക്കത്ത : സംസ്ഥാനങ്ങളില്‍ കനത്ത നാശം വിതച്ച് ഉംപുണ്‍ ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് പശ്ചിമ ബംഗാളിലും ഒഡീഷയിലുമായി 15 പേര് മരിച്ചു. പശ്ചിമ ബംഗാളില്‍ 12 പേരും, ഒഡീഷയില്‍ മൂന്ന് പേരുമാണ് മരിച്ചത്. നിരവധി കെട്ടിടങ്ങളും വീടുകളും തകര്‍ന്നു. ഇരു സംസ്ഥാനങ്ങളിലും കോടികളുടെ നാശ നഷ്ടങ്ങളാണ് ചുഴലിക്കാറ്റ് മൂലം ഉണ്ടായത്.
ഉംപുണ്‍ ഏറ്റവും കൂടുതല്‍ നാശം വിതച്ചത് കൊല്‍ക്കത്തയിലും ദക്ഷിണ ബംഗാളിലും ആണ്. 165 കിലോമീറ്റര്‍ വേഗതയിലാണ് ബംഗാളില്‍ ഉംപുണ്‍ വീശിയത്. നോര്‍ത്ത് 24 പര്‍ഗനാസ്, ഷാലിമാര്‍, ഹൗറ ജില്ലകളിലാണ് കാറ്റിനെ തുടര്‍ന്ന് ആളുകള്‍ മരിച്ചത്. പശ്ചിമ ബംഗാളില്‍ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് വിലയിരുത്തല്‍.155-165 കിലോമീറ്റര്‍ ആയിരുന്നു ഒഡീഷയില്‍ കാറ്റിന്റെ വേഗത.
മുന്‍കരുതല്‍ നടപടി എന്നോണം പശ്ചിമ ബംഗാളില്‍ 5 ലക്ഷം പേരെയും, ഒഡീഷയില്‍ 1.58 ലക്ഷം പേരെയും മറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കൊല്‍ക്കത്തയിലെ മേല്‍പ്പാലങ്ങള്‍ എല്ലാം തന്നെ അടച്ചിട്ടിരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ 41 സംഘങ്ങളാണ് ബംഗാളിലും ഒഡീഷയിലുമായുള്ളത്. രക്ഷാ പ്രവര്‍ത്തനത്തിന്നായി നാവിക സേനയുടെ 20 സംഘങ്ങളേയും വിന്യസിച്ചിട്ടുണ്ട്.