ബീജിംഗ്: കൊറോണ പകരുന്നത് തടയാന്‍ മാസ്‌കും, സാനിറ്റൈസറും, സാമൂഹിക അകലത്തിനും മാത്രമല്ല കണ്ണടക്കും സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ചൈനീസ് ഗവേഷകര്‍. കണ്ണട ധരിക്കുന്നവര്‍ക്ക് കൊറോണ പകരാനുള്ള സാധ്യത കുറവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിക്കാതിരിക്കാന്‍ മൂക്കും, വായും മാത്രമല്ല കണ്ണും സംരക്ഷിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ചൈനയില്‍ സൈ്‌വയ് ചോയില് 277 രോഗികളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഗവേഷകര്‍ ഇത്തരം ഒരു നിഗമനത്തില്‍ എത്തിയത്. ദിവസേന കണ്ണട വയ്ക്കുന്ന ഒരാള്‍ക്ക് കണ്ണട വയ്ക്കാത്തവരെ അപേക്ഷിച്ച് അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറവെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. കണ്ണട ധരിക്കുന്നവര്‍ക്ക് രോഗം വരാനുള്ള സാധ്യത 5.8 ശ ശതമാനമാണെങ്കില്‍ അല്ലാത്തവര്‍ക്ക് 31.5 ശതമാനമാണെന്നും ഗവേഷകര്‍ പറയുന്നു.

കണ്ണട വയ്ക്കുന്നവര്‍ക്ക് നിരന്തരം കണ്ണില്‍ തൊടാനുള്ള പ്രവണത കുറവായിരിക്കും. ഇക്കാരണത്താല്‍ കൊറോണ വൈറസിന് കൈകളില്‍ നിന്നു കണ്ണുകളിലേക്ക് പടരാനുള്ള സാധ്യത കുറവായിരിക്കും. കൊറോണ രോഗികളുടെ കണ്ണീരില്‍ കൊറോണ വൈറസിന്റെ സാന്നിധ്യമുണ്ടെന്ന് ചില പഠനങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ചികിത്സക്കിടെ നേത്ര രോഗ വിദഗ്ധര്‍ക്കും രോഗം പകര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.