റിയാദ് : കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് സൗദിയില്‍ അടച്ചിട്ടിരുന്ന പള്ളികള്‍ ഞായറാഴ്ച മുതല്‍ കടുത്ത നിയന്ത്രണങ്ങളോടെ തുറക്കും. ഇസ്ലാമികകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച്‌ പള്ളി ജീവനക്കാര്‍ക്ക് പ്രത്യേക സര്‍ക്കുലര്‍ നല്‍കി.

ഓരോ വ്യക്തിയും നമസ്‌കാരത്തിന് നില്‍ക്കുമ്ബോള്‍ ചുരുങ്ങിയത് രണ്ട് മീറ്റര്‍ അകലം പാലിക്കണം. സ്വഫ്ഫുകള്‍ (നമസ്‌കാരത്തിനു നില്‍ക്കുന്ന നിര) ഒന്നിടവിട്ട് ആയിരിക്കുക.

പള്ളിയിലെ പൊതു ഖുര്‍ആന്‍ പ്രതികള്‍, മറ്റു പുസ്തകങ്ങള്‍ എന്നിവ എടുത്തുമാറ്റുക, റഫ്രിജറേറ്റര്‍, വാട്ടര്‍ കൂളര്‍ എന്നിവ പ്രവര്‍ത്തിപ്പിക്കരുത്, വെള്ളം, സുഗന്ധ ദ്രവ്യങ്ങള്‍, മിസ്വാക് തുടങ്ങി ഒന്നും പള്ളിയില്‍ വിതരണം ചെയ്യരുത്, വീട്ടില്‍ നിന്ന് അംഗശുദ്ധി വരുത്തി പള്ളിയില്‍ എത്തണം, പള്ളിയില്‍ എത്തണം, പള്ളിയില്‍ വരുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം, ഓരോരുത്തരും സ്വകാര്യ മുസ്വല്ലകള്‍ (നിസ്‌കാര പട്ടം) കൈവശം കരുതണം, മുസ്വല്ലകള്‍ പ്രാര്‍ഥനക്ക് ശേഷം പള്ളിയില്‍ ഉപേക്ഷിക്കരുത്, 15 വയസിന് താഴെയുള്ള കുട്ടി കളെ പള്ളിയില്‍ കൊണ്ടുവരരുത്, പ്രവേശിക്കുമ്ബോഴും ഇറങ്ങുമ്ബോഴും തിരക്ക് ഒഴിവാക്കണം, വെള്ളിയാഴ്ചയിലെ ജുമുഅ നിസ്‌കാരം 15 മിനിറ്റില്‍ കൂടുതല്‍ ദീര്‍ഘിക്കാന്‍ പാടില്ല.

വെള്ളിയാഴ്ച വാങ്കിന് 20 മിനിറ്റ് മുമ്ബ് പള്ളികള്‍ തുറക്കുകയും 20 മിനിറ്റിന് ശേഷം അടക്കുകയും ചെയ്യും. സാധാരണ പ്രാര്‍ത്ഥനക്കുള്ള വിളിക്ക് 15 മിനിറ്റ്
മുമ്ബ് പള്ളികള്‍ തുറക്കുകയും പ്രാര്‍ത്ഥനക്ക് 10 മിനിറ്റ് കഴിഞ്ഞ് അവ അടയ്ക്കുകയും ചെയ്യുക. വാങ്ക് ഇഖാമത്ത് എന്നിവക്ക് ഇടയിലെ സമയം 10 മിനിറ്റ് ആയിരിക്കും. പള്ളിയുടെ ജാലകങ്ങള്‍ തുറന്നിടുകയും പ്രാര്‍ത്ഥനയുടെ അവസാന സമയം വരെ ഇത് സൂക്ഷിക്കുകയും ചെയ്യുക.