തൃശൂര്‍: ഡിസംബര്‍ 5 മുതല്‍ ഡിസംബര്‍ 6 വരെ കടല്‍ അതിപ്രക്ഷുബ്ധമാകുവാന്‍ സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചു.
മാന്നാര്‍ കടലിടുക്കില്‍ എത്തിയ തീവ്ര ന്യൂനമര്‍ദം കഴിഞ്ഞ 33 മണിക്കൂറായി രാമനാഥപുരത്തിന് സമീപമായി 9.1°N അക്ഷാംശത്തിലും 78.6°E രേഖാംശത്തിലും തന്നെ തുടരുകയാണ്. ഇത് രാമനാഥപുരത്ത് നിന്ന് 40 കിമീ ദൂരത്തിലും, പാമ്ബനില്‍ നിന്നും 70 കിമീ ദൂരത്തിലുമാണ്. നിലവില്‍ തീവ്ര ന്യൂനമര്‍ദത്തിന്‍റെ പരമാവധി വേഗത മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെയും ചില അവസരങ്ങളില്‍ 60 കിമീ വരെയുമാണ്.
തീവ്ര ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറില്‍ നിലവിലുള്ളയിടത്ത് തന്നെ തുടരുകയും ശക്തി കുറഞ്ഞ് ന്യൂനമര്‍ദമായി (Low Pressure) മാറുകയും ചെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്.
*05-12-2020 മുതല്‍ 06-12-2020 വരെ:* ലക്ഷദ്വീപ്-മാലിദ്വീപ്, കൊമോറിന്‍ പ്രദേശങ്ങളിലും തെക്കുകിഴക്കന്‍ അറബിക്കടലിലും കേരളത്തിന്റെ തെക്കന്‍ തീരപ്രദേശത്തും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു.
മല്‍സ്യത്തൊഴിലാളികള്‍ മേല്പറഞ്ഞ തീയതികളില്‍ കടലില്‍ പോകുവാന്‍ പാടുള്ളതല്ല.
ഉയര്‍ന്ന തിരമാല മുന്നറിയിപ്പ്
05-12-2020 രാത്രി 11.30 വരെ കേരള തീരത്തു പൊഴിയൂര്‍ മുതല്‍ കോഴിക്കോട് വരെ 1.5m മുതല്‍ 3.2m വരെ ഉയരത്തില്‍ തിരമാലകള്‍ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു.