തിരുവനന്തപുരം | സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി മൂന്നില്‍ നിന്ന് അഞ്ചു ശതമാനമായി ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനങ്ങളിലെ ഭരണ സ്തംഭനം ഒഴിവാക്കാന്‍ ഇത് സഹായിക്കും. എന്നാല്‍, വായ്പ നിബന്ധനകള്‍ക്ക് വിധേയമാക്കുന്നതിനെ എതിര്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു. നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കരുത്. അവ ഒഴിവാക്കുകയോ വിഷയത്തില്‍ ചര്‍ച്ച നടത്തുകയോ വേണം.

വായ്പ റിസര്‍വ് ബേങ്കില്‍ നിന്നെടുക്കാന്‍ അനുമതി നല്‍കണമെന്നും തൊഴിലുറപ്പിന്റെ കൂലി അഡ്വാന്‍സ് കൊടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്രം ജി എസ് ടി കുടിശ്ശിക പൂര്‍ണമായി തരികയും വേണം. കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന് ആദ്യം കേന്ദ്രത്തോട് ആവശ്യപ്പെട്ടത് കേരളമാണെന്നും മന്ത്രി ഐസക് പറഞ്ഞു.