പി.പി. ചെറിയാന്‍

വുഡ്ബ്രിഡ്ജ് (കലിഫോർണിയ) ∙ റിമോട്ട് ലേണിങ് ലെസന്റെ ഭാഗമായി സ്കൂൾ സൂം ക്ലാസ്സിൽ പങ്കെടുത്തിരുന്ന 11 വയസ്സുള്ള വിദ്യാർഥി സ്വയം വെടിയുതിർത്ത് മരിച്ചു. ഡിസംബർ 2 ബുധനാഴ്ചയായിരുന്നു സംഭവം. മുറിയിൽ തനിച്ചിരുന്ന് സൂം ക്ലാസ് അറ്റൻഡ് ചെയ്യുകയായിരുന്നു ആഡൻ ലമോസ്. പെട്ടെന്ന് മുറിയിൽ വെടിപൊട്ടുന്ന ശബ്ദം കേട്ട് സഹോദരി ഓടിയെത്തി. ക്ലാസ് നടക്കുന്നതിനിടയിൽ വീഡിയോയും ഓഡിയോയും നിർത്തിയ ശേഷമാണ് ആഡൻ സ്വയം വെടിവച്ചത്.

സഹോദരി ഉടനെ പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി പ്രാഥമിക ചികിത്സ നൽകി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മുറിയിൽ എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്ന് അന്വേഷണത്തിലാണ്.
മാനസിക തകർച്ചയും നിരാശയും നേരിടുന്ന നിരവധി കുട്ടികളെ സൂം ക്ലാസ് ആരംഭിച്ച ശേഷം കണ്ടെത്താനായിട്ടുണ്ടെന്നു വിദ്യാർഥിയുടെ സ്കൂൾ സപ്പോർട്ട് ഡയറക്ടർ പോൾ വാറൻ പറഞ്ഞു. പാൻഡമിക്കിന്റെ ഭീതിയിൽ കഴിയുന്ന കുട്ടികൾക്കു സമൂഹവുമായി ഇടപെടുന്നതിനും കൂട്ടുകാരുമായി കണ്ടുമുട്ടുന്നതിനുമുള്ള സാഹചര്യങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നതായി പോൾ പറഞ്ഞു. വളരെ അപകടം പിടിച്ച സാഹചര്യമാണ് വിദ്യാർഥികൾ അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.