കേരളത്തില്‍ പുതിയ അധ്യയന വര്‍ഷം ഇന്നലെ ആരംഭിച്ചു. ഓണ്‍ലൈന്‍ വഴിയാണ് ക്ലാസുകള്‍ ആരംഭിച്ചത്. ഇതിനിടെ ക്ലാസുകള്‍ എടുക്കുന്ന അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്ത് വരുന്നുണ്ട്. സോഷ്യല്‍ മീഡിയകളില്‍ വഴി ചിത്രങ്ങളും മറ്റും ഏറെ പ്രചരിക്കുന്നുണ്ട്. ഇത്തരക്കാര്‍ക്ക് എതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ശക്തമായ നടപടി ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞത്.

കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഈ മഹാമാരിയുടെ ഘട്ടത്തിലും വരുംതലമുറയുടെ വിദ്യാഭ്യാസത്തിനു വേണ്ടി ആവിഷ്‌ക്കരിച്ചിരിക്കുന്ന ബദല്‍ സംവിധാനങ്ങളെയും അധ്യാപക സമൂഹത്തെയും അവഹേളിക്കുന്ന നടപടികള്‍ ഭൂഷണമല്ല. നമ്മുടെ കുട്ടികളും ഇതൊക്കെ കണ്ട് വളരുന്നവരാണെന്ന ബോധ്യവും ഏവര്‍ക്കുമുണ്ടാകണം.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്‌കൂളുകളിലും മറ്റും ക്‌ളാസ്സുകള്‍ ആരംഭിക്കാന്‍ വൈകുന്നതിനാല്‍ ഓണ്‍ലൈന്‍ ക്‌ളാസ്സുകള്‍ വഴി പഠനം നടക്കുകയാണ്. ചില ചാനലിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും മറ്റും ക്ലാസ്സെടുക്കുന്ന അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ചില സാമൂഹ്യ വിരുദ്ധര്‍ ദുരുപയോഗം ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നതായി സൈബര്‍ വിംഗിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.

Dailyhunt