കാസര്‍ഗോഡ്: കേരളത്തിന്റെ നിരന്തര അഭ്യർഥനകൾക്കും സുപ്രീംകോടതി ഇടപെടലുകളേയും തുടർന്ന് ഒടുവിൽ കാസർഗോഡു നിന്നുള്ള രോഗികൾക്കായി കർണാടക അതിർത്തി തുറന്നു.
ലോക്ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായി കാസർഗോഡുനിന്നുള്ള രോഗിയുമായി ആംബുലൻസ് തലപ്പാടി ചെക്പോസ്റ്റ് കടന്നു. കർശന പരിശോധനകൾക്കു ശേഷമാണ് ആംബുലൻസ് കർണാടക കടത്തിവിട്ടത്.
കാസർഗോഡ് സ്വദേശി തസ്ലിമയെയാണ് തുടർ ചികിത്സകൾക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്കു പോകാൻ അനുവദിച്ചത്. ആംബുലൻസിൽ തസ്ലിമയും ഇവരുടെ മകളും ഭർത്താവുമാണ് ഉണ്ടായിരുന്നത്.
എന്നാൽ രോഗി ഉൾപ്പെടെ രണ്ടു പേർക്ക് മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളതിനാൽ ഒരാളെ ഇറക്കിവിട്ടു. മംഗളൂരുവിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആളായിരുന്നു തസ്ലിമ.
ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന സംഘമാണ് അതിർത്തിയിൽ പരിശോധന നടത്തിയത്. ചികിത്സയ്ക്കായി സംസ്ഥാനത്തേക്ക് പ്രവേശനം അനുവദിക്കാൻ 14 നിബന്ധനകളാണ് കർണാടക വച്ചിരുന്നത്.
കോവിഡ് രോഗികളല്ലാത്തവരെ നിബന്ധനകള്‍ക്കു വിധേയമായി കടത്തിവിടാമെന്നാണ് കര്‍ണാടകം കഴിഞ്ഞ ദിവസം സമ്മതിച്ചിരിന്നു.