കൊച്ചി: കാലത്തെ കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും മലയാളികളെ ഓര്‍മ്മിപ്പിച്ച് നടന് മമ്മൂട്ടി. കോവിഡ് കാലത്ത് മൂന്ന് കാര്യങ്ങളാണ് മമ്മൂക്ക മലയാളികളെ ഓര്‍മ്മിപ്പിക്കുന്നത്. ‘ഒരു മിനിറ്റ്.. ഞാനൊരു കാര്യം പറഞ്ഞോട്ടെ.. ശ്രദ്ധിക്കുമല്ലോ അല്ലേ?’എന്ന ആമുഖത്തോടെയാണ് ചെറു വീഡിയോ ആരംഭിക്കുന്നത്.
ഒരേകാര്യം പലയാവര്‍ത്തി പറയുന്നത് അത്ര ശുഭകരമായ കാര്യമല്ല, എന്നാലും പറയാതിരിക്കാന്‍ വയ്യ. കൊവിഡ് എന്ന മഹാമാരി ഇത്രയും രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍, നമ്മള് അതിനോട് കാണിക്കുന്ന അശ്രദ്ധയും അലംഭാവവും എവിടെ കൊണ്ട് എത്തിക്കുമെന്ന് പറയാനാകില്ല. കഴിഞ്ഞ എട്ട് മാസമായി നമ്മള് മഹാമാരിക്കെതിരെ യുദ്ധം ചെയ്യുകയാണെന്നും മമ്മൂട്ടി പറയുന്നു.
“നമ്മള് മാസ്ക് ധരിക്കുന്നത് കൃത്യമായ രീതിയിലാണോ, കുറഞ്ഞത് രണ്ട് മീറ്റര്‍ അകലമെങ്കിലും പാലിച്ചിട്ടാണോ നമ്മള് മറ്റുള്ളവരുമായി ഇടപഴകുന്നത്? സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് നമ്മുടെ കൈകള്‍ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കാറുണ്ടോ? ഇല്ലെങ്കില്‍ ഈ മൂന്ന് രക്ഷാമന്ത്രങ്ങള്‍ സ്വായത്തമാക്കുക. പാലിക്കുക, പരിശീലിക്കുക. എങ്കില്‍ മാത്രമേ കൊവിഡ് എന്ന ഈ മഹാരോഗത്തെ നമുക്ക് പ്രതിരോധിക്കാനാകൂ” മമ്മൂട്ടി പറയുന്നു.