ന്യൂഡല്‍ഹി: ബീഹാറില്‍ ഒരു കുടുംബത്തിലെ 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബിഹാറിലെ സിവാനിലാണ് സംഭവം. ഈ കുടുംബത്തിലെ ഒരംഗം നേരത്തെ ഒമാനില്‍ നിന്നെത്തിയിരുന്നു. ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തിലെ മറ്റെല്ലാവര്‍ക്കും രോഗബാധ ഉണ്ടെന്ന് കണ്ടെത്തിയത്.

ഇതോടെ സിവാന്‍ ബീഹാറിലെ കോവിഡ് ഹോട്ട്‌സ്‌പോട്ടായി മാറി. സിവാനില്‍ നാല് സ്ത്രീകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ബഗുസരായി സ്വദേസികളായ രണ്ടുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 15 നും 18 നും ഇടയില്‍ പ്രായമുള്ള രണ്ട് ആണ്‍കുട്ടികള്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ ബീഹാറില്‍ കോവിഡ് ബാധിതരുടെ എണ്ണം 39 ല്‍ നിന്നും 51 ആയി ഉയര്‍ന്നു.

ഡല്‍ഹിയിലെ സ്‌റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ മൂന്ന് പേര്‍ക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. മൂന്ന് പേരും കാന്‍സര്‍ രോഗികളാണ്. രാജ്യത്ത് കൊവിഡ് ബോധിച്ചവരുടെ എണ്ണം 5865 ആയി. മരണം 169 ആയി. ഇന്‍ഡോറില്‍ ഒരു ഡോക്ടറും ഇന്ന് മരിച്ചു. 24 മണിക്കൂറിനകം 20 പേരാണ് രാജ്യത്ത് മരിച്ചത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം 15000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു.