ഒമാനില്‍ ഇന്ന് മുതല്‍ രാജ്യന്തര വിമാന സര്‍വിസുകള്‍ക്ക് തുടക്കമായി.നിലവില്‍ മസ്കത്ത് വിമാനത്താവളത്തില്‍നിന്ന് മാത്രമേ രാജ്യാന്തര സര്‍വിസുകള്‍ ഉള്ളൂ. സലാലയിലേക്കുള്ള ആഭ്യന്തര വിമാന സര്‍വിസുകള്‍ക്കും തുടക്കമായിട്ടുണ്ട്.ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയറും സലാം എയറും സര്‍വിസ് ആരംഭിച്ചിട്ടുണ്ട്. നേരത്തേ സര്‍വിസ് നടത്തിയിരുന്ന സ്ഥലങ്ങളിലേക്ക് രണ്ടു പ്രതിവാര സര്‍വിസുകള്‍ക്ക് മാത്രമാണ് അനുമതി. ഒമാന്‍ എയര്‍ സലാലയിലേക്ക് രണ്ട് പ്രതിദിന സര്‍വിസുകളും നടത്തുന്നുണ്ട്.
ഒമാന്‍ എയര്‍ ഡല്‍ഹിയും കൊച്ചിയുമടക്കം 12 രാജ്യങ്ങളിലെ 18 നഗരങ്ങളിലേക്കാണ് സര്‍വിസ് പ്രഖ്യാപിച്ചിരുന്നത്. ഇന്ത്യ രാജ്യാന്തര വിമാന സര്‍വിസുകള്‍ക്കുള്ള വിലക്ക് പിന്‍വലിക്കാത്തതിനാല്‍ ഇന്ത്യയിലേക്കുള്ള സാധാരണ സര്‍വിസുകള്‍ വൈകാനാണ് സാധ്യത. ഒമാനില്‍ വന്നിറങ്ങുന്ന യാത്രക്കാരെല്ലാം വിമാനത്താവളത്തില്‍ നിര്‍ബന്ധിത പി.സി.ആര് പരിശോധനക്ക് വിധേയരാകണം. 25 റിയാലാണ് നിരക്ക്.