മാല്‍ക്കന്‍ഗിരി: യേശു ക്രിസ്തുവില്‍ വിശ്വസിച്ചതിന്റെ പേരില്‍ ഒഡീഷയില്‍ ക്രിസ്ത്യന്‍ ബാലനെ ഹിന്ദു മതമൗലീകവാദികള്‍ ക്രൂരമായി കൊന്ന് കുഴിച്ചുമൂടിയതായി റിപ്പോര്‍ട്ട്. മാല്‍ക്കന്‍ഗിരി ജില്ലയിലെ കെന്‍ഡുഗുഡു ഗ്രാമത്തിലെ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന സോംബാരു മഡ്കാമി എന്ന ബാലനെയാണ് പിതാവില്ലാത്ത സമയത്ത് ഒരു യോഗത്തിനെന്ന വ്യാജേന വീട്ടില്‍ നിന്നും വിളിച്ചിറക്കി ക്രൂരമായി കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹം കുന്നിന്റെ മുകളില്‍ കുഴിച്ചുമൂടുകയായിരുന്നു. ഗ്ലോബല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍സ് (ജി.സി.ഐ.സി) പ്രസിഡന്റ് സാജന്‍ കെ ജോര്‍ജ്ജാണ് ഈ വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. ഇക്കഴിഞ്ഞ ജൂണ്‍ 4ന് രാത്രിയോടെയാണ് കൊലപാതകം സംബന്ധിച്ച വാര്‍ത്ത സാജന്‍ ജോര്‍ജ്ജിന് ലഭിക്കുന്നത്.

പ്രായമായ ചിലരേയും യോഗത്തിന്റെ പേരില്‍ വിളിച്ചെങ്കിലും അപകടം മണത്ത ചിലര്‍ രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ടവരില്‍ നിന്നും വിവരമറിഞ്ഞ പോലീസ് ഗ്രാമത്തിലെത്തുകയും കുന്നിന്റെ മുകളില്‍ നിന്നും സോംബാരുവിന്റെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. സോംബാരു യേശു ക്രിസ്തുവിലുള്ള തന്റെ വിശ്വാസത്തെ വികാരമായി കൊണ്ടുനടന്നിരുന്നുവെന്നും ഗ്രാമത്തിലെ ചെറുപ്പക്കാരുമായും കുട്ടികളുമായും അദ്ദേഹം എപ്പോഴും ബൈബിള്‍ വചനങ്ങള്‍ പങ്കുവച്ചിരുന്നതായും പ്രാദേശിക സുവിശേഷ പ്രഘോഷകനായ പാസ്റ്റര്‍ ബിജോയ് വെളിപ്പെടുത്തി.

ലോക്കല്‍ പോലീസില്‍ ഒട്ടും തന്നെ വിശ്വാസമില്ലാത്തതിനാല്‍ സോംബാരുവിന്റെ കുടുംബത്തിന് നീതിയും അര്‍ഹമായ നഷ്ടപരിഹാരവും ലഭിക്കണമെന്ന ആവശ്യവുമായി ജി.സി.ഐ.സിയുടെ സഹായത്തോടെ പ്രാദേശിക ക്രിസ്ത്യന്‍ സംഘടനയായ മാല്‍ക്കന്‍ഗിരി ക്രിസ്ത്യന്‍ മഞ്ചാ (എം.ഡി.സി.എം) ശക്തമായ പ്രതിഷേധങ്ങള്‍ക്ക് പദ്ധതിയിട്ടിട്ടുണ്ട്. കെന്‍ഡുഗുഡു ഗ്രാമത്തില്‍ ഗ്രാമവാസികളുടെ സഹായത്തോടെ ഗോത്രവര്‍ഗ്ഗക്കാരായ ക്രിസ്ത്യാനികള്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കാമാസോഡി എന്ന മറ്റൊരു ക്രൈസ്തവ വിശ്വാസി ക്രൂരമായി ആക്രമിക്കപ്പെട്ട് ഒരു മാസത്തിനുള്ളിലാണ് നിഷ്ഠൂരമായ കൊലപാതകം നടന്നിരിക്കുന്നത്.