ഐപിഎൽ 13ആം സീസണിലെ 28ആം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ബാറ്റ് ചെയ്യും. ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് നായകൻ വിരാട് കോലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും ഓരോ മാറ്റങ്ങൾ വീതം വരുത്തി. ബാംഗ്ലൂരിൽ ഗുർകീരത് സിംഗ് മാനു പകരം മുഹമ്മദ് സിറാജ് ടീമിലെത്തിയപ്പോൾ കൊൽക്കത്തയിൽ സുനിൽ നരേനു പകരം ടോം ബാൻ്റണും ടീമിലെത്തി.

 

കഴിഞ്ഞ സീസണുകളിൽ നിന്ന് വ്യത്യസ്തമായി ബാലൻസ്ഡ് ആയ ഒരു സംഘമാണ് ഇക്കുറി റോയൽ ചലഞ്ചേഴ്സ്. ഡെത്ത് ബൗളിംഗ് ഇനിയും പൂർണമായി പരിഹരിക്കപ്പെട്ടില്ലെങ്കിലും ക്രിസ് മോറിസിൻ്റെ വരവോടെ അത് മെച്ചപ്പെടും. കഴിഞ്ഞ മത്സരത്തിൽ അത് കണ്ടതുമാണ്. ബാറ്റിംഗ് ഹെവി സംഘമായ അർസിബി ഷാർജയിലെ ബാറ്റിംഗ് കണ്ടീഷൻ പൂർണമായും മുതലാക്കാനാവും എത്തുക. ആരോൺ ഫിഞ്ചിൻ്റെ ഫോമില്ലായ്മയും എബി ഡിവില്ല്യേഴ്സിൻ്റെ ഉത്തരവാദിത്തം ഉല്ലായ്മയുമാണ് ബാംഗ്ലൂരിൻ്റെ ആകെയുള്ള രണ്ട് തലവേദനകൾ. ഷാർജ ബാറ്റ്സ്മാന്മാരുടെ പറുദീസയാണ് എന്നതുകൊണ്ട് തന്നെ ഇന്നത്തോടെ ഫിഞ്ച് ഫോമിലേക്കെത്തുമെന്നാവും മാനേജ്മെൻ്റ് കരുതുക.

 

കൊൽക്കത്തയ്ക്ക് സുനിൽ നരേൻ്റെ അഭാവം കനത്ത തിരിച്ചടിയാകും. നരേനു പകരം ബാൻ്റൺ എത്തിയതോടെ ആറാം ബൗളിംഗ് ഓപ്ഷൻ കൂടിയാണ് കൊൽക്കത്തയ്ക്ക് ഇല്ലാതായത്. ഇന്നത്തെ മത്സരത്തിൽ കൊൽക്കത്തയ്ക്ക് അഞ്ച് ബൗളർമാരുടെ മുഴുവൻ ക്വാട്ടയും എറിഞ്ഞു തീർക്കേണ്ടി വരും.