മുംബൈ: ഐപിഎസ് ഓഫീസറായി നിയമനം തരപ്പെടുത്തി തരാമെന്ന് വാഗ്ദാനം നല്‍കി 3.5 കോടി രൂപ കബളിപ്പിച്ച കേസില്‍ ടെലിവിഷന്‍ നടിയും ഭര്‍ത്താവും അറസ്റ്റില്‍. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അടക്കം പേരില്‍ യുവാവിന് വ്യാജ നിയമന ഉത്തരവുകള്‍ കൈമാറിയതായും അന്വേഷണത്തില്‍ കണ്ടെത്തി.
പഞ്ചാബിലെ ജലന്ധറിലാണ് 3.5 കോടി രൂപ കബളിപ്പിച്ചു എന്ന യുവാവിന്റെ പരാതിയില്‍ കേസെടുത്തത്. ടെലിവിഷന്‍ താരം 28 വയസുളള സ്പാന റാല്‍ഹാന്‍, ഭര്‍ത്താവ് പുനീത് കെ റാല്‍ഹാന്‍ എന്നിവരാണ് അറസ്റ്റിലായത്.
ഐപിഎസ് ഉദ്യോഗസ്ഥനായി നിയമനം തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് കോടികള്‍ തട്ടിയെടുത്തതെന്ന് പൊലീസ് പറയുന്നു. പഞ്ചാബ് പൊലീസിന്റെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുംബൈയിലെ ഓഷിവാരയില്‍ ദമ്പതികളുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ശേഷം മുംബൈ പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
ഏതാനും ടെലിവിഷന്‍ പരിപാടികളില്‍ സ്പാന റാല്‍ഹാന്‍ പങ്കെടുത്തിട്ടുണ്ട്. ദമ്പതികള്‍ക്കെതിരെ വഞ്ചന, വിശ്വാസ ലംഘനം, ക്രിമിനല്‍ ഗൂഡാലോചന തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തത്. ദമ്പതികള്‍ക്കെതിരെ ജലന്ധര്‍ മജിസ്‌ട്രേറ്റ് ജാമ്യമില്ലാ കുറ്റം ചുമത്തി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
എന്നാല്‍ പ്രതികളെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് കോടികള്‍ നഷ്ടപ്പെട്ട യുവാവ് ഹരിയാന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയുടെ രൂക്ഷ വിമര്‍ശനത്തെ തുടര്‍ന്ന് പ്രത്യേക അന്വേഷണത്ത സംഘത്തിന് രൂപം നല്‍കിയാണ് പഞ്ചാബ് പൊലീസ് അന്വേഷിച്ചത്. തുടര്‍ന്നാണ് പ്രതികള്‍ മുംബൈയില്‍ താമസിക്കുന്നതായുളള വിവരം ലഭിച്ചത്