തിരുവനന്തപുരം: സഹായത്തിനായി കൊല്ലം എംഎല്‍എ മുകേഷിന് വിദ്യാര്‍ത്ഥി വിളിച്ച സംഭവത്തില്‍ പ്രതികരണമവുമായി പ്രതികരണവുമായി സംവിധായകന്‍ ഡോ ബിജു രംഗത്ത്. മുകേഷിനെതിരെ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് ഡോ ബിജുവിന്റെ പ്രതികരണം. ഏത് ജില്ലയിലുള്ള ആള് വിളിച്ചാലും അവരോട് മാന്യമായി പെരുമാറണമെന്നും അതിന് പറ്റില്ലെങ്കില്‍ ജനപ്രതിനിധി എന്ന പണിക്ക് ഇറങ്ങരുതെന്നും ബിജു പറഞ്ഞു.
ജനാധിപത്യ ബോധം എന്താണെന്നും ഓരോ ജനപ്രതിനിധിയുടെ പെരുമാറ്റം എങ്ങനെ ആയിരിക്കണമെന്നും എംഎല്‍എമാരെ പഠിപ്പിക്കുന്ന ഒരു ക്ലാസ് നിയമസഭയില്‍ ഏര്‍പ്പെടുത്തേണ്ടതാണെന്ന് ബിജു പറയുന്നു. ഇത്തരം ജനാധിപത്യ ബോധമില്ലാത്ത വിഴുപ്പുകളെ ജനപ്രതിനിധി എന്ന പേരില്‍ ചുമയ്ക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതുജനങ്ങളോട് എങ്ങനെ പെരുമാറണം എന്ന് കാര്യത്തില്‍ സാമാന്യ ബോധമില്ലെങ്കില്‍ നിയമസഭയോ അല്ലെങ്കില്‍ അവരുടെ പാര്‍ട്ടിയോ ഓറിയന്റേഷന്‍ ക്ലാസ് നല്‍കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുജനങ്ങളുടെ നികുതി പണത്തില്‍ നിന്നാണ് ശമ്ബളം അലവന്‍സും യാത്ര ബത്തയും ഒക്കെ വാങ്ങുന്നത്. അപ്പോള്‍ ഏത് ജില്ലയില്‍ നിന്ന് ആര് വിളിച്ചാലും അവരോട് മര്യാദയ്ക്ക് പെരുമാറണെന്നും അതിന് സാധിച്ചില്ലെങ്കില്‍ ജനപ്രതിനിധി എന്ന പണിക്ക് ഇറങ്ങരുതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മുകേഷിനെ ഫോണ്‍ ചെയ്ത വിദ്യാര്‍ത്ഥി ആരാണെന്ന് വ്യക്തമായി. ഒറ്റപ്പാലം സ്വദേശിയായ വിഷ്ണുവെന്ന പത്താംക്ലാസുകാരനാണ് സുഹൃത്തിന്റെ ഓണ്‍ലൈന്‍ പഠനത്തിന് സഹായം തേടി മുകേഷ് എംഎല്‍എയെ വിളിച്ചത്. ഇതിന് പിന്നില്‍ മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഒന്നും ഇല്ലെന്നും കുടുംബം വ്യക്തമാക്കി.



